വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാനാവില്ല; ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് കെഎസ്‌യു

 

തിരുവനന്തപുരം: പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ സമര ഭീഷണിയുമായി മുന്നോട്ടു പോകാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനമെങ്കിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡ‍ന്‍റ് അലോഷ്യസ് സേവ്യർ.

ഇന്ധന വിലവർധനവ് സ്വകാര്യ ബസ് ഉടമകൾക്ക് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിൽ അതിന് ഇന്ധന സബ്സിഡി ഉൾപ്പെടെയുള്ള പ്രതിവിധികൾ കണ്ടെത്തേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാക്കുന്ന പിടിപ്പുകേടിന്‍റെ പാപഭാരം വിദ്യാർത്ഥികളുടെ തലയിൽ കെട്ടിവെക്കാൻ അനുവദിക്കില്ല. സമരം ചെയ്തു ബസ് റേറ്റ് കൂട്ടാം എന്നാണ് ബസ് ഉടമകൾ കരുതുന്നെങ്കിൽ ബസുകൾ ഷെഡ്ഡിൽ തന്നെ കിടക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൺസഷൻ, വിദ്യാർത്ഥികളുടെ അവകാശമാണെന്നും ഇക്കാര്യത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാണ് സർക്കാരിന്‍റെയും സ്വകാര്യ ബസ് ഉടമകളുടെയും തീരുമാനമെങ്കിൽ കേരളം കാണാനിരിക്കുന്നത് ശക്തമായ പ്രതിഷേധ പരമ്പരകളായിരിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. വിദ്യാർത്ഥികളുടെ ആശങ്ക കണക്കിലെടുത്ത് ഗതാഗതമന്ത്രിക്ക് കത്ത് നൽകുമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഉയർത്തിയാൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Comments (0)
Add Comment