കോഴിക്കോട് കൊവിഡ് ബാധിതർ 5 ; വിപുലമായ രോഗപ്രതിരോധ സംവിധാനങ്ങള്‍; കർശന നിയന്ത്രണങ്ങള്‍

കോഴിക്കോട് : കൊവിഡ് രോഗബാധിതരുടെ എണ്ണം അഞ്ചായി ഉയര്‍ന്നതിന് പിന്നാലെ കോഴിക്കോട് വിപുലമായ രോഗപ്രതിരോധ സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. തയാറെടുപ്പുകളുടെ ഭാഗമായി കോഴിക്കോട് ബീച്ച്‌ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റും.

കൊറോണ ലക്ഷണങ്ങളുമായി എത്തുന്നവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യും. ഇവരില്‍ രോഗം സ്ഥിരീകരിച്ച എന്നാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരെ ബീച്ച്‌ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ജില്ലയില്‍ മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അവശ്യവസ്തുകള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പും കണ്‍ട്രോള്‍ റൂം തുറക്കും.

പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നതിന് റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ നോഡല്‍ ഓഫീസറായി ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോള്‍ റൂം രൂപീകരിച്ചിട്ടുണ്ട്. ആര്‍.ടി.ഒ പ്രതിനിധി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥന്‍ എന്നിവരും അംഗങ്ങളാണ്. ചരക്കുനീക്കത്തിന് ആവശ്യമായ വാഹനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തും. ദേശീയ പാത ലാന്‍ഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടര്‍ നോഡല്‍ ഓഫീസറായി അവശ്യവസ്തുക്കളുടെ കണ്‍ട്രോള്‍ റൂം രൂപീകരിച്ചു.

ജില്ലാ സപ്ലൈ ഓഫീസര്‍, ആര്‍.ടി.ഒ പ്രതിനിധി, ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് അംഗങ്ങള്‍. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങള്‍, പരാതികള്‍, വില്ലേജ് തലത്തിലുള്ള സ്‌ക്വാഡുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് ജില്ലാ പൊലിസ് മേധാവിയുടെ ഓഫീസിലാണ് ലോ ആന്‍റ് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തില്‍ കളക്ട്രേറ്റിലും നോഡല്‍ ഓഫീസ് പ്രവര്‍ത്തിക്കും. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതിന് ഡെപ്യൂട്ടി കളക്ടർ എൻ റംല നോഡൽ ഓഫീസറും ജില്ലാ ലേബർ ഓഫീസർ, ജില്ലാ ലേബർ ഓഫീസർ എന്നിവർ അംഗങ്ങളുമാണ്.

Comments (0)
Add Comment