ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ കറുത്ത അധ്യായമെന്ന് കോൺഗ്രസ്. മോഡിയുടെ റാലി തീരാൻ വേണ്ടിയാണ് ഇന്നു രാത്രി 10 വരെ ബംഗാളിലെ പ്രചാരണം അനുവദിച്ചത്. ഭരണഘടനയുടെ കവാലാളാകേണ്ട കമ്മീഷൻ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. രാജ്യത്ത് മൂന്ന് കാര്യങ്ങൾ അപകടത്തിലാണെന്ന് സുര്‍ജേവാല പറഞ്ഞു. “1) മോദിയുടെ അധികാര കസേര, 2) തെരഞ്ഞടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത, 3) ജനാധിപത്യത്തിന്‍റെ നിലനിൽപ് ” അക്കമിട്ട് നിരത്തി സുര്‍ജേവാല വ്യക്തമാക്കി.
ഭരണഘടനയുടെ കാവലാളാകേണ്ട കമ്മീഷൻ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുകയാണെന്നും, കമ്മീഷൻ മോദിയുടെയും അമിത്ഷായുടെയും കയ്യിലെ കളിപാവയായി മാറിയെന്നും കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മോഡിയുടെ റാലി നടത്താൻ കമ്മീഷൻ പക്ഷപാതപരമായി ഇടപെട്ടുവെന്ന് സുര്‍ജേവാല പറഞ്ഞു. ബിജെപി ആസ്ഥാനത്തു നിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. മോഡിയുടെ കൊട്ടാരത്തിലെ പരിചാരകരെ പോലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായുടെ റാലിക്കിടെ ബംഗാളിൽ ബിജെപി പ്രവർത്തകർ വിദ്യാസാഗർ പ്രതിമ തകർത്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോദി ഭരണം അവസാനിക്കാൻ പോകുകയാണെന്നും മെയ് 23ന് ശേഷം കോൺഗ്രസിനെ പ്രതിപക്ഷം എന്ന് വിളിക്കേണ്ടി വരില്ലെന്നും സുർജേവാല പറഞ്ഞു.