മുഖ്യമന്ത്രിയുടെയും ജലീലിന്‍റെയും വാദം തെറ്റ്; ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ളവരെ ; ജലീലിനെ സാക്ഷിയാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഐഎ

Jaihind News Bureau
Friday, September 18, 2020

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ.ടി.ജലീലിനെ സാക്ഷിയെന്ന നിലയിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന മുഖ്യമന്ത്രിയുടെയും ജലീലിന്‍റെയും വാദം തെറ്റ്. സ്വര്‍ണക്കടത്തു കേസുമായി ബന്ധമുള്ളവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നും ജലീലിനെ സാക്ഷിയാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

സ്വർണ്ണക്കടത്ത് കേസില്‍ ജലീലിന് ബന്ധമുണ്ട് എന്ന് തന്നെയാണ് എൻ.ഐ.എ സംശയിക്കുന്നത്. ഇതിൻ്റെ ഭാഗമായി തന്നെയാണ് മന്ത്രിയെ എൻഫോഴ്സ്മെൻ്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും മണിക്കൂറുകളോളം ചോദ്യം ചെയ്തത്. മന്ത്രിക്കെതിരെ സംശയം നിലനിൽക്കുന്നത് കൊണ്ടും കൂടാതെ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ തുടങ്ങിയവരുടെ ലാപ്ടോപ്പ് മൊബൈൽ ഫോൺ തുടങ്ങിയവയിൽ നിന്നും നശിപ്പിക്കപ്പെട്ടെ വിവരങ്ങൾ വീണ്ടെടുത്തപ്പോൾ മന്ത്രിയുമായി ആശയവിനിമയം നടത്തിയതിൻ്റെ ചില വിവരങ്ങൾ ലഭ്യമായതിൻ്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും ജലീലിനെ സാക്ഷിയാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഐഎ അറിയിച്ചു. ഇത് പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണെന്ന സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. ജലീലിൻ്റെ മൊഴി വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും തുടർ ചോദ്യം ചെയ്യലിനെ കുറിച്ചുള്ള കാര്യങ്ങൾ എൻ.ഐ.എ തീരുമാനിക്കുക.

ഇന്നലെയാണ് എറണാകുളത്തെ പ്രമുഖ സിപിഎം നേതാവും മുൻ ആലുവ എം.എൽ.എയുമായ എ.എം യൂസഫിൻ്റെ സ്വകാര്യ വാഹനത്തില്‍ പുലര്‍ച്ചെ ആറ് മണിയോടയാണ് കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയത്.

രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ടാണ് അവസാനിച്ചത്. നയതന്ത്ര ചാനലിലൂടെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ മതഗ്രന്ഥങ്ങള്‍ എത്തിയതും അത് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതുമാണ് പ്രധാനമായും ചോദിച്ചത്. പ്രോട്ടോക്കോള്‍ ലംഘനം മന്ത്രിയുടെ അറിവോടെയായിരുന്നുവോ എന്നും ഉദ്യോഗസ്ഥര്‍ ആരാഞ്ഞു. സ്വപ്ന സുരേഷുമായുള്ള ടെലഫോണ്‍ സംഭാഷണങ്ങളും ബന്ധവും എന്‍ഐഎ ചോദിച്ചറിഞ്ഞു എന്നാണ് എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

റമദാന്‍ കിറ്റ് വിതരണവും മതഗ്രന്ഥങ്ങള്‍ വാങ്ങിയതും സാധാരണ നടക്കാറുള്ളതാണെന്നും അനുമതി വേണമെന്നറിയില്ലെന്നുമാണ് മന്ത്രി മറുപടി നല്‍കിയത്. സ്വപ്നയുമായി ഔദ്യോഗിക ബന്ധം മാത്രമാണെന്നും മന്ത്രി മറുപടി നല്‍കി. എന്നാൽ മന്ത്രിയുടെ മറുപടി അന്വേഷണ സംഘം പൂർണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. മന്ത്രിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സാക്ഷിയെന്ന നിലയിലാണ് ജലീലിനെ വിളിപ്പിച്ചത് എന്ന വാദവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയത്. എന്നാൽ ഈ വാദം പൂർണ്ണമായും തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ.