ധൂർത്തിന് അവസാനമില്ല; സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും പുതിയ കാർ വാങ്ങാന്‍ സംസ്ഥാന സർക്കാര്‍

Jaihind News Bureau
Tuesday, May 19, 2020

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇനി കാറുകള്‍ വാങ്ങില്ലെന്നും പകരം വാടകയ്ക്ക് എടുക്കുമെന്നുമായിരുന്നു ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. തൊട്ടുപിന്നാലെ തന്നെ ധൂർത്ത് അവസാനിപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശം നല്‍കി വിവിധ വകുപ്പുകളിലേക്ക് എട്ട് പുതിയ കാറുകള്‍ വാങ്ങാനുള്ള ഉത്തരവിറക്കിയത് ഏറെ വിവാദമായിരുന്നു.  ഇതിനിടെ വീണ്ടും പുതിയ കാര്‍ വാങ്ങാനുള്ള ഉത്തരവിറക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ജലസേചന വകുപ്പിലേക്കാണ് പുതിയ ഹോണ്ടാ സിറ്റി കാര്‍ വാങ്ങാനായി 9.5 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്ന ഈ അവസ്ഥയിലും സർക്കാര്‍ ധൂർത്ത് അവസാനിപ്പിക്കുന്നില്ല എന്നതിന്‍റെ മറ്റൊരു ഉദാഹരണമാണിത്.

ഇറിഗേഷന്‍ ഡിസൈന്‍ ആന്‍റ് റിസർച്ച് ബോർഡ് (ഐ.ഡി.ആർ.ബി) ചീഫ് എന്‍ജിനീയർ സമർപ്പിച്ച പ്രൊപ്പോസലിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ നടപടി. ഇറിഗേഷന്‍ ഡിപ്പാർട്ട്മെന്‍റിന്‍റെ ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് പുതിയ വാഹനം ആവശ്യപ്പെട്ടിരിക്കുന്നത്. ടാക്സ് ഉള്‍പ്പെടെ 9.5 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വിലയായി കാണിച്ചിരിക്കുന്നത്. തുടർന്ന് ചീഫ് എന്‍ജിനീയറുടെ പ്രൊപ്പോസല്‍ പാസാക്കിക്കൊണ്ട് 14.05.2020 ന് സംസ്ഥാന സർക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

പ്രളയത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധിക ചെലവുകള്‍ ഒഴിവാക്കുമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗവേളയില്‍ പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായാണ് പുതിയ കാറുകള്‍ ഇനി വാങ്ങില്ലെന്നും പകരം വാടകയ്ക്ക് എടുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചത്. ആയിരം കാറുകള്‍ വാടകയ്ക്ക് എടുത്താല്‍ ഏഴര കോടി എന്ന നിലയ്ക്കാണ് ഒരു വര്‍ഷം ലാഭം പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഫെബ്രുവരി ഏഴിന് നടത്തിയ ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ എട്ട് പുതിയ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഡൽഹിയിലെ കേരള ഹൗസിലടക്കം എട്ട് വാഹനങ്ങൾ വാങ്ങാനുള്ള ഉത്തരവോടെ തന്നെ സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തിലെ നെല്ലും പതിരും വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ജലസേചന വകുപ്പിലേക്കായി 9.5 ലക്ഷം രൂപ ചെലവില്‍ പുതിയ കാര്‍ വാങ്ങുന്നത്.