എസ്.എസ്.എൽ.സി പരീക്ഷാഫലം വൈകിയേക്കും; കാരണം തുടർച്ചയായ അവധി ദിവസങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പും

Jaihind Webdesk
Wednesday, March 27, 2019


ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം വൈകും. മെയ് ആദ്യവാരം പ്രസിദ്ധീകരിക്കാറുള്ള ഫലം രണ്ടാംവാരം അവസാനത്തിൽ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.  മാർച്ച് 13ന് ആരംഭിച്ച പരീക്ഷ നാളെയാണ് അവസാനിക്കുക.

ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതും മാർക്ക് എങ്ങനെ നിർണയിക്കണമെന്നതും സംബന്ധിച്ചുള്ള നിർദേശം നൽകുന്നതിനായി സ്‌കീം ഫൈനലൈസേഷൻ ക്യാംപുകൾ ഏപ്രിൽ രണ്ട്, മൂന്ന് തിയതികളിൽ നടക്കും. ഏപ്രിൽ അഞ്ചിനാണ് മൂല്യനിർണയം തുടങ്ങുക.

മൂല്യനിർണയ ക്യാംപുകളിലെ ചീഫ് എക്സാമിനർമാരുടെയും അസിസ്റ്റന്റ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ 29ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

സംസ്ഥാനത്താകെ 54 കേന്ദ്രീകൃത മൂല്യനിർണയ ക്യാംപുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒറ്റഘട്ടമായി നടത്തുന്ന രീതിക്കുപകരം ഈ വർഷം രണ്ടുഘട്ടമായാണ് മൂല്യനിർണയം നടക്കുന്നത്. ആദ്യഘട്ടം 13ന് അവസാനിക്കും.
തുടർച്ചയായ അവധി ദിവസങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവക്കു ശേഷം രണ്ടാംഘട്ട മൂല്യനിർണയം ഏപ്രിൽ 25ന് ആരംഭിച്ച് മെയ് രണ്ടിന് അവസാനിക്കും. 14 ദിവസമാണ് മൂല്യനിർണയം.[yop_poll id=2]