എസ്എസ്എല്‍സി പരീക്ഷ മാർച്ച് 4 മുതല്‍ 25 വരെ; പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷാ തീയതി മാറ്റി

Jaihind Webdesk
Monday, September 18, 2023

തിരുവനന്തപുരം: 2024 ലെഎസ്എസ്എൽസി, ഹയർസെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടത്തും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ 23 വരെ നടത്തും. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.  62-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകുമെന്നും മന്ത്രി അറിയിച്ചു.

ഒക്ടോബർ 9 മുതല്‍ 13 വരെയാകും പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ നടത്തുക.  പ്ലസ് വൺ പ്ലസ് ടു ഹയർ സെക്കന്‍ഡറി മോഡല്‍ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും. ഹയർ സെക്കന്‍ഡറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഫെബ്രുവരി 19 മുതൽ 23 വരെ എസ്എസ്എൽസി മോഡൽ പരീക്ഷയും ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പും സംഘടിപ്പിക്കും. അതേസമയം ഈ മാസം 25ന് തുടങ്ങേണ്ടിയിരുന്ന ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലേക്ക് മാറ്റി.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ കൊല്ലം വേദി ആകും. ജനുവരി 4 മുതൽ 8 വരെയാണ് സ്കൂൾ കലോത്സവം നടക്കുക . സംസ്ഥാന സ്‌കൂൾ കായിക മേള തൃശൂരും ശാസ്ത്രമേള തിരുവനന്തപുരത്തുമാണ് നടക്കുക. സ്‌കൂൾ കലോത്സവം ജനുവരിയിലും കായികമേള ഒക്ടോബറിലും സ്പെഷ്യൽ സ്‌കൂൾ മേള നവംബറിലും ശാസ്ത്രമേള ഡിസംബറിലുമാണ് നടക്കുക. കായികമേള ഒക്ടോബർ 16 മുതൽ 20 വരെ തൃശൂരിലും സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 9 മുതൽ 15 വരെഎറണാകുളത്തും ശാസ്ത്രമേള നവംബർ 30 മുതൽ ഡിസംബർ 3 വരെ തലസ്ഥാനത്തും നടക്കും. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങേറിയത് കോഴിക്കോടായിരുന്നു. ജനുവരി മൂന്നിനായിരുന്നു കലോത്സവം.