കള്ളവോട്ട് : കർശന നടപടിയുണ്ടാകും; അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണ സംഘവും

Jaihind Webdesk
Monday, April 22, 2019

കള്ളവോട്ട് ചെയ്യുന്നവർക്കെതിരെ കർശന നടപടികളാണ് ഉണ്ടാവുക. മറ്റൊരാളുടെ വോട്ട് ചെയ്യാൻ ശ്രമിക്കുകയോ, വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഐപിസി 171 എഫ് അനുസരിച്ച് ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്.

ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിലും ശിക്ഷയിൽ നിന്ന് ഒഴിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിൽ വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റർ ചെയ്യും. അയൽ സംസ്ഥാനങ്ങളിൽ വോട്ട് ചെയ്ത അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർ കാസർകോട് മണ്ഡലത്തിൽ വോട്ട് ചെയ്യുന്നത് തടയാൻ പ്രത്യേക നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ വോട്ട് ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാവുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള മരിച്ച ആളുടേയും തിരിച്ചറിയൽ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാൽ നൽകരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ നൽകിയ ആൾക്കെതിരെയും നടപടിയുണ്ടാവും. യഥാർത്ഥ വോട്ടർ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം. വോട്ടറുടെ ഐഡന്‍റിറ്റി സംബസിച്ച് പരാതിയുണ്ടെങ്കിൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ. ടെന്‍റർ വോട്ട് വോട്ടിങ്ങ് യന്ത്രത്തിൽ ചെയ്യാൻ അനുവദിക്കരുത്.

എതെങ്കിലും സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ വേണ്ടി പണമോ പാരിതോഷികങ്ങളോ നൽകുകയോ വോട്ട് ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തിൽ തടസ്സമുണ്ടാക്കുകയോ പോളിങ്ങ് ബൂത്തിലോ ബൂത്തിന് സമീപമോ സംഘർഷമുണ്ടാക്കിയാലും കർശന നടപടികൾ നേരിടേണ്ടി വരും.