രോഗികളുടെ വിവരങ്ങള്‍ ഇപ്പോഴും സ്പ്രിങ്ക്ളറിന് തന്നെ ! തിരുത്തല്‍ ഉത്തരവ് കണ്ണില്‍ പൊടിയിടാനുള്ള സർക്കാർ തന്ത്രം | Exclusive

Jaihind News Bureau
Monday, April 13, 2020

pinarayi vijayan

കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ഇപ്പോഴും ലഭിക്കുന്നത് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന് തന്നെയെന്ന് തെളിഞ്ഞു. സര്‍ക്കാര്‍ ഉത്തരവ്കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്ത്. പ്രതിപക്ഷത്തിന്‍റെ ശക്തമായ ആരോപണത്തെ തുടർന്നാണ് വിവാദ ഉത്തരവ് തിരുത്താന്‍ സർക്കാർ തയാറായത്. എന്നാല്‍ സൈറ്റിന്‍റെ ഡി.എന്‍.എസ് പരിശോധനയില്‍ കൃത്രിമം കണ്ടെത്തി.

സ്പ്രിങ്ക്ളറിനെ ഉപയോഗിച്ച് കൊണ്ടുള്ള കൊവിഡ് വിവര ശേഖരം അവസാനിച്ചു എന്നത് തെറ്റാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സ്പ്രിങ്ക്ളറിന്‍റെ തന്നെ വെബ് ആപ്ലിക്കേഷന്‍റെ പോർട്ടലിന്‍റെ മേൽവിലാസം housevisit.kerala.gov.in എന്ന് മാറ്റുകയാണ് സർക്കാർ ചെയ്‌തത്. യഥാർത്ഥത്തില്‍ കനോണിക്കല്‍ നെയിം റെക്കോർഡ് (Canonical Name Record) മാറ്റുക മാത്രമാണ്‌ ചെയ്‍തിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

വിവാദമായതിനെ തുടർന്ന് സർക്കാര്‍ തിരുത്തി എന്ന് പറയുന്ന, നിലവില്‍ രോഗികളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടുന്ന ‘housevisit.kerala.gov.in’ എന്ന മേൽവിലാസം മാപ്പ് ചെയ്തിരിക്കുന്നത് ” kerala-field-covid.sprinklr.com ” എന്ന ഡൊമൈനിലേക്ക് തന്നെയാണെന്ന് സൈബര്‍ വിദഗ്ധർ വ്യക്തമാക്കുന്നു. അതായത് രോഗികളുടെ വിവരങ്ങള്‍ അപ്‌ലോഡാകുന്നത് സ്പ്രിങ്ക്ളര്‍ വെബ്സൈറ്റിലേക്ക് തന്നെ എന്നതാണ് വസ്തുത.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിവരം അപ്‌ലോഡാകുന്നത് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന്‍റെ സെർവറിലേക്കാണെന്ന വിവരം പുറത്തുകൊണ്ടുവന്നത്. ഇതിനെ തുടർന്ന് സ്പ്രിങ്ക്ളർ കമ്പനിയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളും പ്രതിപക്ഷം ഉയർത്തിയിരുന്നു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിവാദമായതിനെ തുടർന്ന് ഇന്നാണ് സ്പ്രിങ്ക്ളറിന് വിവരം നല്‍കേണ്ടതില്ല എന്ന തീരുമാനം സർക്കാർ സ്വീകരിച്ചത്. എന്നാല്‍ ഇത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്.

വീഡിയോ കാണാം:

https://www.facebook.com/hacker.jins/videos/2890951257655150/?lst=100006173085166%3A100002209125749%3A1586779988