എൽ.കെ. അഡ്വാനിക്കു സീറ്റ് നിഷേധിച്ച രീതി അനാദരവെന്ന് ഒരു വിഭാഗം; സമീപനം മുറിവേൽപിച്ചുവെന്ന് ആക്ഷേപം

Jaihind Webdesk
Tuesday, March 26, 2019

LK-Advani

ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ. അഡ്വാനിക്കു സീറ്റ് നിഷേധിച്ച രീതി അനാദരവെന്ന കുറ്റപ്പെടുത്തലുകളുമായി പാർട്ടിയിൽ ഒരു വിഭാഗം. സീറ്റ് നൽകാത്തതിലല്ല, സീറ്റ് നിർണയ ഘട്ടത്തിൽ നേതൃത്വം സ്വീകരിച്ച സമീപനം, 91 വയസ്സുള്ള നേതാവിനെ മുറിവേൽപിച്ചുവെന്നാണ് ആക്ഷേപം.

പ്രധാന നേതാക്കളാരും അഡ്വാനിയെ വിളിച്ച് കാര്യം ധരിപ്പിക്കുക പോലും ചെയ്യാതെയാണു സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നു വിമർശകർ പറയുന്നു.

തുടർച്ചയായി 6 തവണ അഡ്വാനി പ്രതിനിധീകരിച്ച ഗാന്ധിനഗറിൽ ഇത്തവണ പാർട്ടി അധ്യക്ഷൻ അമിത് ഷായാണു മൽസരിക്കുന്നത്. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരിലൊരാൾ അഡ്വാനി അടക്കം ചില മുതിർന്ന നേതാക്കളെ ബന്ധപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു വിരമിക്കൽ പ്രഖ്യാപിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ, മുതിർന്ന നേതാക്കളാരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി അഡ്വാനി ആവശ്യം നിരസിച്ചു. ഹിമാചൽ പ്രദേശിലെ ശാന്തകുമാർ, യുപിയിലെ കൽരാജ് മിശ്ര എന്നിവർ മാത്രമാണ് പരസ്യമായി വിരമിക്കൽ പ്രഖ്യാപിച്ചത്. ഒഴിഞ്ഞു മാറിയ ബാക്കിയുള്ളവർ സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.

2014ൽ മോദിയെ പ്രധാനമന്ത്രി പദത്തിൽ നിന്നു മാറ്റിനിർത്താൻ തിരഞ്ഞെടുപ്പിനു മുൻപ്, അഡ്വാനി ശ്രമിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് പാർലമെന്ററികാര്യ സമിതിയിൽ നിന്നടക്കം അഡ്വാനി ഒഴിവാക്കപ്പെട്ടത്. ഒരു ഘട്ടത്തിൽ രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടപ്പോഴും നേതൃത്വത്തിലെ ചിലർ തടസ്സം നിന്നുവെന്നാണ് അഡ്വാനിപക്ഷക്കാരുടെ വിമർശനം.