ഇഐഎ കരട് പിൻവലിക്കണമെന്ന് സോണിയാ ഗാന്ധി; സാമ്പത്തിക പുരോഗതി പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടാകരുത്; മോദി സർക്കാർ എക്കാലവും സ്വീകരിക്കുന്നത് പരിസ്ഥിതിയെ തകർക്കുന്ന നിലപാടെന്നും വിമർശനം

Jaihind News Bureau
Thursday, August 13, 2020

ഇ ഐ എ നിയമഭേദഗതിക്കായുള്ള കരട് പിൻവലിക്കണം എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സാമ്പത്തിക പുരോഗതി ആവശ്യമാണ് എന്നാൽ അത് പരിസ്‌ഥിതിയെ നശിപ്പിച്ചു കൊണ്ടാകരുത്. ഇ ഐ എ കരട് പരിസ്ഥിതിയെ തകർക്കുന്നതാണ്. എക്കാലവും പരിസ്‌ഥിതിയെ തകർക്കുന്ന നിലപാടാണ് മോദി സ്വീകരിച്ചു പോന്നതെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

രാജ്യത്ത് 12.5 ശതമാനം മരണവും പരിസ്‌ഥിതി മലിനീകരണം കൊണ്ടാണ്. പരിസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പരിസ്ഥിതി മലിനികരണത്തിന് ക്ലിൻ ചീട്ട് നൽകുന്നതാണ് കരട്. ഇന്ത്യയുടെ പരിസ്ഥിതിയെ തകർക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണം. ഇ ഐ എ നിയമഭേദഗതിക്കായുള്ള കരട് പിൻവലിക്കുക എന്നതാണ് അതിന്‍റെ പ്രധാന നടപടി എന്നും സോണിയ ഗാന്ധി പറഞ്ഞു.

സാമ്പത്തിക പുരോഗതി ലക്ഷ്യം വയ്ക്കുമ്പോൾ അത് പ്രകൃതിയെ തകർത്തു കൊണ്ടാകരുത്. കഴിഞ്ഞ ആറു വർഷം കൊണ്ട് പരിസ്ഥിതിയെ സംരക്ഷിച്ചു പോന്ന ചട്ടക്കൂടുകൾ മോദി സർക്കാർ ഇല്ലാതാക്കി. ജൈവവൈവിധ്യം, ആവാസവ്യവസ്ഥ, വായു, ജല മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ എല്ലാ സൂചകങ്ങളിലും രാജ്യം 177-ആം സ്ഥാനത്താണ്. എക്കാലത്തും പരിണിത ഫലങ്ങൾ വകവയ്ക്കാതെ എങ്ങനെ ബിസിനസ് വളർത്താം എന്നാണ് സർക്കാർ ആദ്യം മുതലേ ശ്രമിച്ചത്. തീരദേശ ദേശ മേഖലയെ തകർക്കുന്നതിന് വേണ്ടി ടി‌എസ്‌ആർ ഭേദഗതി നടപ്പാക്കി. ഇതിന്‍റെ പരിണിത ഫലമായി കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും തീരദേശ മേഖലയെ ബാധിക്കുന്നു.

യു‌പി‌എ സർക്കാർ പാസാക്കിയ വനാവകാശ നിയമം വളച്ചൊടിക്കാൻ സർക്കാർ ശ്രമം നടത്തി. ഇത് ആദിവാസികലോടുള്ള സർക്കാരിന്‍റെ മനോഭാവം വ്യക്തമാക്കുന്നു. കൊവിഡ് സാഹചര്യത്തിൽ പാരിസ്ഥിതിക, പൊതുജനാരോഗ്യ മേഖലകളിൽ സർക്കാർ പുനർചിന്തനത്തിന് തയാറാകണം എന്ന് സോണിയ ഗാന്ധി അവശ്യപ്പെട്ടു.

രാജ്യത്ത് 12.5 ശതമാനം മരണവും പരിസ്‌ഥിതി മലിനീകരണം കൊണ്ടാണ്. അതിനാൽ ഇന്ത്യയുടെ പാരിസ്ഥിതിയെ തകർക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണം. ഇ ഐ എ കരട് 2020 പിൻവലിക്കുക എന്നതാണ് അതിന്‍റെ പ്രധാന നടപടി എന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.