ഖര മാലിന്യ സംസ്കരണനയത്തില്‍ തീരുമാനമെടുക്കാതെ കേരളം; പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകും

Jaihind Webdesk
Sunday, September 2, 2018

ഖര മാലിന്യസംസ്കരണനയത്തിന് സംസ്ഥാന മന്ത്രിസഭ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. മന്ത്രിസഭയുടെ അംഗീകാരമില്ലാത്തതിനാൽ കേരളത്തിന്റെ പുനര്‍നിർമാണ പ്രവർത്തനങ്ങള്‍ സ്തംഭിക്കും

ഖര മാലിന്യ സംസ്കരണവും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ജസ്റ്റിസ്മാരായ മദൻ ബി ലോക്കൂർ, അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ച് നേരത്തെ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഖര മാലിന്യ സംസ്കരണത്തിന് ഉള്ള നയവും, ചട്ടങ്ങളും ഇതുവരെ രൂപീകരിക്കാത്ത സംസ്ഥാനങ്ങളിൽ എല്ലാ നിർമാണ പ്രവർത്തനങ്ങളും സുപ്രീം കോടതി നിരോധിച്ചിരിക്കുകയാണ്. മന്ത്രിസഭ അംഗീകരിച്ച ഖര മാലിന്യ സംസ്കരണനയം കേരളം ഇതുവരെ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടില്ല. ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നയത്തിന്റെ കരട് തയാറായെന്നും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു.

പ്രളയം കാരണം ബുദ്ധിമുട്ടുന്ന സംസ്ഥാനം ആയതിനാൽ നയം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചു. എന്നാൽ ഇത് അന്തിമ സമയപരിധി ആണ്. രണ്ട് ആഴ്ചയ്ക്കുള്ളിൽ നയം രൂപീകരിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ചില്ലെങ്കിൽ കേരളത്തിലെ നിർമാണ മേഖല പൂർണമായും സ്തംഭിക്കും. കേരളത്തിന്‍റെ പുനര്‍നിർമാണ പ്രവർത്തനങ്ങൾ സ്തംഭനത്തിലേക്കാകും പോകുന്നത്.