സൈനികന്റെ ഭാര്യക്കെതിരായ പീഡനം: കുറ്റസമ്മതം നടത്തിയിട്ടും ബി.ജെ.പി നേതാവിന് പാര്‍ട്ടിയുടെ സംരക്ഷണം: മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കി

Jaihind Webdesk
Friday, July 5, 2019

കൊല്ലം: സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ ബി.ജെ.പി നേതാവിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പാര്‍ട്ടി സംരക്ഷണം. തുടര്‍ന്ന് ബി.ജെ.പി മുന്‍ കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെ സൈനികന്‍ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഇതിനു പിന്നാലെ ഓമനക്കുട്ടന്‍ കുറ്റസമ്മതം നടത്തുന്ന ശബ്ദരേഖയും സൈനികന്‍ പുറത്തുവിട്ടു.

ഭര്‍ത്താവിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ പാര്‍ട്ടി നേതാവിനെ കാണാന്‍ പോയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെയും ഭര്‍ത്താവിന്റെയും പരാതി. 2017 ഫെബ്രുവരിയിലായിരുന്നു സംഭവം. തുടര്‍ന്ന് ബി.ജെ.പി നേതാക്കളെ വിവരം അറിയിച്ച ഭര്‍ത്താവ് ഭാര്യയുടെ പരാതി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍, സംസ്ഥാന പ്രസിഡന്റ്, സംഘടനാ സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഇ മെയിലിലൂടെ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ പരാതിയെത്തുടര്‍ന്ന് താല്‍ക്കാലികമായി തല്‍സ്ഥാനത്ത് നിന്ന് മാറിയ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിനോ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാനോ ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് സൈനികനും കുടുംബവും മുഖ്യമന്ത്രിക്കും പോലീസിനും നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്. ഇതിനായി സൈനികന്‍ നാട്ടിലെത്തുകയായിരുന്നു.

ഇതോടൊപ്പം ബി.ജെ.പി നേതാവ് നെടുമ്പന ഓമനക്കുട്ടന്‍ സൈനികനോട് ക്ഷമാപണം നടത്തുന്നതിന്റെയും കുറ്റം ഏല്‍ക്കുന്നതിന്റെയും ഫോണ്‍ സംഭാഷണം പരാതിക്കാര്‍ പുറത്തുവിട്ടു. ഇതില്‍ ഞാന്‍ ചെയ്ത തെറ്റിന് ക്ഷമ നല്‍കണമെന്നാണ് ബി.ജെ.പി നേതാവിന്റെ ആവശ്യം. ഇതോടെ കൊല്ലം ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ പൊതുസമൂഹത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സൈനികന്‍ നല്‍കിയ പരാതിയില്‍ കൂടുതല്‍ നടപടികള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ് പരാതിക്കാരനും കുടുംബവും.