യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്: അന്വേഷണം നിലച്ച മട്ടില്‍

Jaihind Webdesk
Sunday, August 18, 2019

University-College

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം നിലച്ച മട്ടിൽ. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഒളിവിൽ കഴിയുന്ന കൂട്ടു പ്രതികളെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഉന്നതതല രാഷ്ട്രീയ ഇടപെടൽ ആണ് പിന്നിൽ എന്ന ആക്ഷേപം ശക്തമാണ്.

കഴിഞ്ഞ ജൂലൈ 12നാണ് യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർഥി അഖിലിന് കുത്തേറ്റത്. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്ത്, നസീം എന്നിവരുൾപ്പെടെ 19 പേർക്കെതിരെയാണ് കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. ഇതിൽ ഒളിവിൽ കഴിയുന്ന കൂട്ടുപ്രതികളായ 11 പേരെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഉന്നത തലത്തിലുള്ള രാഷ്ട്രീയ ഇടപെടലാണ് ആണ് ഇതിനുപിന്നിൽ എന്ന ആക്ഷേപം ശക്തമാണ്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കാനും പോലീസ് തയാറായിട്ടില്ല.

പോലീസ് പരോക്ഷമായി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നത് ഇതിൽനിന്ന് വ്യക്തമാണ്. അതേസമയം പ്രതികൾ ഒളിവിലാണെന്ന പതിവ് വിശദീകരണമാണ് പോലീസ് നൽകുന്നത്. ഇവരെ പിടികൂടാനുള്ള ഊർജിത ശ്രമം പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രതികൾ മൊബൈൽ ഫോൺ ഓഫ് ചെയ്തിരിക്കുകയാണെന്നും പോലീസ് പറയുന്നു. അതേ സമയം പ്രതികൾ ജാമ്യത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതികളായ ശിവ രജ്ഞിത്തും നസീമും ഉൾപ്പെടെ എട്ടുപേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.