തൃശൂരിലെ ആകാശ പാത പദ്ധതിയുടെ നിർമാണോദ്ഘാടനം ഇന്ന്; യാഥാർത്ഥ്യ ബോധത്തോടെ പദ്ധതി നടപ്പിലാക്കണമെന്ന് കോൺഗ്രസ്

തൃശൂർ കോർപ്പറേഷൻ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന, ആകാശ പാത പദ്ധതിയുടെ നിർമാണോദ്ഘാടനം ഇന്ന് നടക്കും. അതേസമയം പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് യാഥാർത്ഥ്യ ബോധത്തോടെ പദ്ധതി നടപ്പിലാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

തൃശൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ ശക്തൻ നഗറിലാണ് ആകാശ പാത വിഭാവനം ചെയ്യുന്നത്. പച്ചക്കറി-മത്സ്യ-മാംസ മാർക്കറ്റ്, ബസ് സ്റ്റാൻഡ്, പട്ടാളം മാർക്കറ്റ്, കൺവെൻഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിലേക്ക് സ്വതന്ത്രമായും സുരക്ഷിതമായും കാൽനട യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം. വൃത്താകൃതിയിൽ 270 മീറ്റർ ചുറ്റളവിൽ മൂന്നു മീറ്റർ വീതിയിൽ റോഡ് നിരപ്പിൽ നിന്നും 6 മീറ്റർ ഉയരത്തിലാണ് ആകാശ പാത നിർമിക്കുന്നത്. 5.3 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 8 കവാടങ്ങളുണ്ടാകും.

അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് നിയന്ത്രണത്തിലുള്ള നഗര സഭയുടെ ഉദ്ദേശ ശുദ്ധിയെ പ്രതിപക്ഷം സംശയിക്കുന്നു.

വികസന വഴികളിൽ ഒരിക്കലും തടസം നിന്നിട്ടില്ലെന്നും പ്രതിപക്ഷം വിശദീകരിക്കുന്നു. എന്നാൽ പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുക്കണമെന്നാണ് അവരുടെ ആവശ്യം.

TrissurSky Walk
Comments (0)
Add Comment