പോലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പിൽ എസ്.എഫ്.ഐ നേതാക്കളായ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും. പൂജപ്പുര ജയിലിലെത്തിയാണ് ശിവരഞ്ജിത്, നസീം എന്നിവരെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്. അതേസമയം പ്രതികൾക്ക് ഉത്തരം കൈമാറാൻ സഹായിച്ച എസ്എപി ക്യാമ്പിലെ പോലീസുകാരെ അറസ്റ്റു ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല.
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് റാങ്ക് പട്ടികയിൽ ഒന്നാമതായിരുന്നു. പരീക്ഷയിൽ 55 ചോദ്യങ്ങൾക്ക് ഉത്തരമറിയാമായിരുന്നുവെന്നും ബാക്കിയുള്ളത് ഊഹിച്ചെഴുതുകയായിരുന്നു എന്നുമാണ് ശിവരഞ്ജിത്ത് നേരത്തെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്. പഠിച്ചാണ് പി.എസ്.സി പരീക്ഷയെഴുതിയതെന്ന് നസീമും മൊഴി നൽകി.
അതിനിടെ വ്യാജരേഖ ചമച്ചതിന് ശിവരഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു. മോഷണം, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സർവ്വകലാശാല ഉത്തരപ്പേപ്പർ മോഷ്ടിച്ചതിനും, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീല് ഉണ്ടാക്കിയതിനുമാണ് കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.