സില്‍വര്‍ലൈനില്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടില്ല; മുഖ്യമന്ത്രിയുടേത് വ്യാജപ്രചാരണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിൽവർലൈൻ പദ്ധതിക്ക് ഉറപ്പ് ലഭിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രചാരണം തെറ്റെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രിയിൽ നിന്ന് ഉറപ്പു ലഭിച്ചുവെന്നത് മുഖ്യമന്ത്രിയുടെ വ്യാജപ്രചാരണമാണ്. പിണറായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ സർവേ നടത്തുന്ന ഏജൻസികൾ പിന്മാറാതിരിക്കാനും ജനങ്ങൾക്ക് എതിരെയുള്ള അതിക്രമം തുടരാനുമുള്ള പ്രസ്താവന മാത്രമാണ് മുഖ്യമന്ത്രിയുടേത്. പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയതാണെന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കരിക്കകത്ത് പദ്ധതിയുടെ ഭാഗമായി കുടിയിറക്കല്‍ ഭീഷണി നേരിടുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു ശേഷം പദ്ധതിയുടെ അപ്രായോഗികതയെക്കുറിച്ചു കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്‍റിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. പദ്ധതിക്കെതിരെ ജനരോഷം ഉണ്ടെന്നും, ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടിയെങ്കിലും ചെലവു വരുമെന്നും റെയിൽവേ മന്ത്രി വിശദീകരിച്ചിട്ടുണ്ട്. അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അറിയിച്ച ശേഷവും ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ മുന്നോട്ടു പോകുന്നത് ആപൽക്കരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎമ്മില്‍ ഒരു വിഭാഗം രംഗത്തെത്തി. കേന്ദ്രാനുമതി ഉറപ്പിക്കാതെ ജനരോഷം വിളിച്ചുവരുത്തുന്ന നടപടികളിലേക്ക് കടക്കരുതെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കിയത്. റെയില്‍വേമന്ത്രിയും കേന്ദ്രമന്ത്രി വി.മുരളീധരനും നടത്തിയ പ്രസ്താവനകള്‍ പ്രധാനമന്ത്രി അറിയാതെയാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരെ ജനരോഷം ശക്തമാകുന്നതിനൊപ്പം പാര്‍ട്ടിക്കുള്ളിലും അഭിപ്രായഭിന്നത ഉടലെടുത്തത് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

Comments (0)
Add Comment