ഷുഹൈബ് വധം: സര്‍ക്കാരിനെതിരെ പിതാവ് മുഹമ്മദ്; പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പൊതുഖജനാവിലെ പണം ചെലവഴിക്കുന്നു

ഷുഹൈബിന്‍റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം വരാതിരിക്കാൻ വേണ്ടിയാണ് വൻതുക നൽകി സുപ്രിം കോടതി അഭിഭാഷകരെ കൊണ്ടുവന്ന് കേസ് വാദിക്കുന്നതെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ്. പ്രതികളായ സി പി എം പ്രവർത്തകരെ സംരക്ഷിക്കാൻ വേണ്ടിയാണ് പൊതുഖജനാവിലെ പണം ഇതിനായി ചെലവഴിക്കുന്നതെന്നും മുഹമ്മദ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

സിപിഎം പ്രവർത്തകർ പ്രതികളായ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതിനു സംസ്ഥാന സർക്കാർ 56 ദശാംശം 4 ലക്ഷം രൂപ ചെലവഴിച്ചുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഷുഹൈബിന്റെ പിതാവായ മുഹമ്മദ്.കേസ്സിൽ സിബിഐ അന്വേഷണം വന്നാൽ സി പി എമ്മിന് തിരിച്ചടിയാകും അത് കൊണ്ടാണ് വാദിക്കാനായി ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രിം കോടതിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതെന്ന് മുഹമ്മദ് പറഞ്ഞു.

പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് പാർട്ടിക്കാരായ പ്രതികൾക്ക് വേണ്ടി വാദിക്കാനായി വൻ തുക മുടക്കുന്നത്. ഇതിനെതിരെ പൊതുജനം പ്രതികരിക്കണം. ഷുഹൈബ് കൊല്ലപ്പെട്ടതിനെ തുടർന്ന് ആശ്വസിപ്പിക്കാൻ പോലും സംസ്ഥാനത്തെ മന്ത്രിമാർ ആരും തന്നെ തയ്യാറായില്ല. ജില്ലാ കളക്ടർ വീട് സന്ദർശിക്കുക മാത്രമാണ് ചെയ്തത്. ഷുഹൈബ് വധ കേസ്സിൽ സി ബി ഐ അന്വഷണം വേണമെന്ന അവശ്യത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.

Comments (0)
Add Comment