ഷുഹൈബ് അനുസ്മരണ പരിപാടിക്ക് ജന്മനാട്ടില്‍ തുടക്കമായി

Jaihind Webdesk
Monday, February 4, 2019

കണ്ണൂര്‍: സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്‍റെ അനുസ്മരണ പരിപാടിക്ക് ജന്മനാടായ എടയന്നൂരിൽ തുടക്കമായി. എടയന്നൂരിൽ സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണ കുടുംബ സംഗമത്തിൽ നിരവധിപ്പേർ പങ്കെടുത്തു.

2018 ഫെബ്രുവരി 12 നാണ് സി.പി.എം പ്രവർത്തകരുടെ അക്രമത്തിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബ് കൊല്ലപ്പെടുന്നത്. മനുഷ്യ സ്നേഹിയും സാമൂഹ്യ പ്രവർത്തകനുമായ ഷുഹൈബിനെ അനുസ്മരിക്കാൻ ജന്മനാടായ എടയന്നൂരിൽ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അനുസ്മരണ പരിപാടികളുടെ ഭാഗമായി എടയന്നൂരിൽ സംഘടിപ്പിച്ച അനുസ്മരണ കുടുംബ സംഗമം ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി അംഗം ഡോക്ടർ ഹരിപ്രിയ മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, ഡി.സി.സി നേതാക്കളായ രാജീവൻ എളയാവൂർ, കെ.സി മുഹമ്മദ് ഫൈസൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് തലത്തിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 13ന് മട്ടന്നൂരിൽ നടക്കുന്ന ഷുഹൈബ് അനുസ്മരണ സമ്മേളനത്തിൽ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും.