ഷുഹൈബ് എന്ന നന്മമരം

Jaihind Webdesk
Tuesday, February 12, 2019

കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് എടയന്നൂരിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം

ധീരരക്തസാക്ഷി ഷുഹൈബിനെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ്് റിജില്‍ മാക്കുറ്റി എഴുതുന്ന ഓര്‍മ്മക്കുറിപ്പ്…

ഷുഹൈബ് എനിക്ക് കൂടെപിറപ്പിനെപ്പോലെയായിരുന്നു. ഞാന്‍ കെ എസ് യു ജില്ലാ പ്രസിഡന്റായ കാലം മുതലുള്ള ബന്ധം. എടയന്നൂരില്‍ എന്ത് വിഷയമുണ്ടായാലും അത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഓടിയെത്തും. അതിനു കാരണം ഷുഹൈബുമായുള്ള ബന്ധമായിരുന്നു. ഷുഹൈബായിരുന്നു കരുത്ത്. ഏത് പ്രതിസന്ധിയിലും ആത്മവിശ്വാസം പകര്‍ന്ന സഹപ്രവര്‍ത്തകന്‍.
നന്മ മാത്രം ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യസ്‌നേഹിയായ യുവ നേതാവായിരുന്നു പ്രിയപ്പെട്ട ഷുഹൈബ്. ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത ഒരു പാട് നന്മകള്‍ അടയാളപ്പെടുത്തിയ ചെറുപ്പക്കാരന്‍. ഷുഹൈബ് എന്ന നന്മമരത്തെ സിപിഎം കാപാലികന്‍മാര്‍ 41 വെട്ട് വെട്ടിയാണ് അവസാനിപ്പിച്ചു കളഞ്ഞത്. വെട്ടി വീഴ്ത്തിയ ആ ദിവസം പോലും സേവനരംഗത്ത് ഷുഹൈബുണ്ടായിരുന്നു.
ഷുഹൈബില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. എടയന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ കെ എസ് യു വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സംരക്ഷണ കവചമായിരുന്നു ഷുഹൈബ്. പാര്‍ട്ടി അത്രയേറെ വികാരമായിരുന്നു ഷുഹൈബിന്. ആ കറുത്ത ദിവസം. ഫെബ്രുവരി 12ന് പാലക്കാട് യൂത്ത് കോണ്‍ഗ്രസ്സിന്റെ പരിപാടിക്ക് ഞാനും ഷറഫുദ്ദീന്‍ കാട്ടാമ്പള്ളിയും പോകുമ്പോള്‍ ഷുഹൈബിനെ വിളിച്ചിരുന്നു. അന്ന് കൂടെ വന്നിരുന്നെങ്കില്‍ ആ ദിവസം സിപിഎം നരഭോജികള്‍ക്ക് കൊത്തിവലിക്കാന്‍ ഷുഹൈബിനെ കിട്ടില്ലായിരുന്നു.
ഷുഹൈബിന് കെ സുധാകരന്‍ ഒരു ആവേശമായിരുന്നു. അദ്ദേഹത്തിനാകട്ടെ ഷുഹൈബ് ഒരു മകനെപ്പോലെയും. ജോലി സംബന്ധമായ ആവശ്യത്തിന് ഒരു വര്‍ഷത്തോളം വിദേശത്ത് പോയപ്പോഴും പാര്‍ട്ടിയും കെ സുധാകരനും മാത്രമായിരുന്നു അവിടെയും ഷുഹൈബിന് ചിന്ത. തിരിച്ച് നാട്ടില്‍ വരുന്ന ദിവസം രാത്രി 11 മണിക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ഇറങ്ങി നേരെ പോയത് എടയന്നൂരിലെ സ്വന്തം വീട്ടിലേക്കല്ല.
കണ്ണൂരില്‍ അവന്‍ ബോസ് എന്ന് വിളിക്കുന്ന കെ സുധാകരനെ കാണാനാണ് രാത്രി 2 മണിക്ക് പോയത്. അവിടുന്ന് തിരിച്ച് എന്റെ വീട്ടില്‍ വന്ന് എന്നെയും കണ്ട് എന്റെ ഭാര്യയില്‍ നിന്ന് കട്ടന്‍ ചായയും വാങ്ങിക്കുടിച്ച് പാതിരാത്രി വീട്ടിലേക്ക് പോയ ഷുഹൈബ്..ഓര്‍ക്കാന്‍ കഴിയാത്ത ഒരു പാട് ഓര്‍മ്മകള്‍ എഴുത്തിലൂടെ പങ്ക് വെയ്ക്കാന്‍ സാധിക്കില്ല. നഷ്ടം പാര്‍ട്ടിക്ക് മാത്രമല്ല വ്യക്തിപരമായി എന്റെ കുടുംബത്തില്‍ ഒരംഗം നഷ്ടപ്പെട്ട വേദന..
ഒരു സ്ഥാനമാനവും ഷുഹൈബ് ആഗ്രഹിച്ചില്ല. കീഴല്ലൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആക്കിയപ്പോഴും മട്ടന്നൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ആക്കിയപ്പോഴുമെല്ലാം ഷുഹൈബ് പറഞ്ഞത് എനിക്ക് ഒരു സ്ഥാനവും വേണ്ട, ഞാന്‍ ഈ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്നാണ്.
പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ അലങ്കാരമായി വെയ്ക്കുന്ന പലര്‍ക്കും ഷുഹൈബില്‍ നിന്ന് ഒരു പാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്

പ്രിയപ്പെട്ട ഷുഹൈബിന്റെ നൊമ്പരമുണര്‍ത്തുന്ന വേര്‍പാടിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. ഓര്‍മ്മകളിലെ ഷുഹൈബ് നമുക്ക് വെളിച്ചം നല്‍കുകയാണ്. നിരപരാധികളെ വെട്ടിക്കൊന്ന് ചോര കൊണ്ട് ചുവപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരത സൃഷ്ടിച്ച നെറികേടിന്റെ കൂരിരുട്ടിലും ഷുഹൈബ് സഞ്ചരിച്ച വഴികള്‍ പ്രകാശഭരിതമായിരുന്നു. എല്ലാം തികഞ്ഞ പ്രവര്‍ത്തന പാടവം, സജീവത മുറ്റിയ സംഘാടന മികവ്, നിരാലംബര്‍ക്ക് അത്താണി, ഒരു നാടിന്റെ ജീവനാഡി.. ഒക്കെയായിരുന്നു ഷുഹൈബ്.

2018 ഫെബ്രുവരി 12ന് അര്‍ധരാത്രി മോര്‍ച്ചറിയില്‍ കിടത്തിയ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ വല്ലാതെ തളര്‍ന്നുപോയി.. കണ്ണില്‍ ഇരുട്ട് കയറി. ‘പേടിക്കരുത്.. പേടിച്ചാല്‍ മരണം വരെയും പേടിക്കേണ്ടി വരും.. ‘ഷുഹൈബ് പറയാറുണ്ടായിരുന്ന വാക്കുകളായിരുന്നു അപ്പോള്‍ ചെവിയില്‍ മുഴങ്ങിയിരുന്നത്..
കൊല്ലപ്പെട്ട ദിവസം പോലും പൊതുപ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃക അടയാളപ്പെടുത്തുകയായിരുന്നു ഷുഹൈബ്. എടയന്നൂരിലെ സക്കീനയുടെ മൂന്നു മക്കള്‍ ഭക്ഷണമില്ലാതെ സ്‌കൂളില്‍ വരാത്ത വിവരം അധ്യാപിക വഴി അറിഞ്ഞ ഷുഹൈബ് അവിടെയെത്തി ഒരു മാസത്തെ അവശ്യ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങി കൊടുത്ത് അവരോടൊത്ത് ഉച്ചയൂണ് കഴിച്ചു.. പൊളിഞ്ഞു വീഴാറായ ചെറിയ കൂരയില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന ദേവകിയമ്മയ്ക്ക് പുതിയ വീട് പണിയാനുള്ള സഹായം എത്തിച്ചു. പിന്നീട് ഷുഹൈബ് നേരെ പോയത് ഗര്‍ഭിണിയായ യുവതിക്ക് രക്തം കൊടുക്കാനായിരുന്നു.. അന്ന് രാത്രി 11 മണിയോടെ എടയന്നൂരിലെ തട്ട് കടയില്‍ സുഹൃത്തുക്കളോടൊത്ത് വിശ്രമിക്കുകയായിരുന്ന ഷുഹൈബിനും സഹപ്രവര്‍ത്തകര്‍ക്കും നേരെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 41 വെട്ടുകള്‍ വെട്ടി സി പി എം കാപാലികര്‍ ചെയ്ത കാടത്തം ജനാധിപത്യ പൊതു സമൂഹത്തിന് ഒരിക്കലും മറക്കാനാവില്ല.

ഷുഹൈബ് യാത്രയായിരിക്കുന്നു. സൗഹൃദത്തിന്റെ, സേവനത്തിന്റെ, സ്‌നേഹത്തിന്റെ വാതിലുകള്‍ തുറന്ന് വെച്ച് ഒരു ഉറുമ്പിനെപോലും നോവിക്കാതെ ഒരു പുല്‍ക്കൊടി പോലും ഒടിക്കാതെ വൈതരണികളുടെ വേലിക്കെട്ടുകള്‍ പൊട്ടിച്ചു നാടും വീടും കുടുംബവും കടന്ന് കര്‍മ്മധന്യമായ അവന്റെ ആ യാത്ര സഹപ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനത്തിനും ഇടയില്‍ തീര്‍ത്തത് വലിയൊരു വിടവാണ്. ത്രിവര്‍ണ്ണ കൊടി നെഞ്ചിലേറ്റി എന്ന ഒരൊറ്റ കാരണത്താലാണ് ധീര ഷുഹൈബിനു ജീവന്‍ നഷ്ടപെട്ടത്..

കൊല്ലുക..കൊല്ലുക.. പിന്നെയും കൊല്ലുക..എന്നിട്ട് പൊതു ഖജനാവിലെ പണമുപയോഗിച്ചു സമാധാന യോഗം വിളിച്ചു ചേര്‍ക്കുക. കണ്ണൂരില്‍ സി പി എമ്മിന്റെയും ബി ജെ പി യുടെയും പതിവ് ശൈലിയാണ്. ഓരോ സമാധാനയോഗവും കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടാനുള്ള ഇടവേള മാത്രമാണ്. എന്നാല്‍ ചോരയൊലിപ്പിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെ ജനവികാരം ഉണര്‍ത്തുന്നതിനും പ്രിയപ്പെട്ട ഷുഹൈബിനു നീതി ഉറപ്പു വരുത്തുന്നതിനും ഷുഹൈബ് ബോസ് കെ സുധാകരന്റെ ഒമ്പത് ദിവസം നീണ്ട നിരാഹാരസമരത്തിലൂടെ സാധിച്ചു. എതിരാളികളെ കൊല്ലുക എന്നത് സിപിഎമ്മിന്റെ ദൈനംദിന രാഷ്ട്രീയ പരിപാടിയുടെ ഭാഗമാണ് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. അപ്പോഴും നിരാലംബര്‍ക്ക് അത്താണിയായ ഷുഹൈബിനെ കൊന്നതെന്തിനാണ് എന്ന പ്രസക്തമായ ചോദ്യം അവശേഷിക്കുന്നു.

ഷുഹൈബിന്റെ ഓര്‍മ്മകള്‍ ഈ ലോകം ഉള്ളിടത്തോളം കാലം നിലനില്‍ക്കും. ഷുഹൈബ് ശരീരത്തില്‍ നിന്നും തെറിച്ചു വീണ ചോരതുള്ളികളില്‍ നിന്നും ആയിരം ഷുഹൈബുമാര്‍ പിറവിയെടുക്കും. ഞാനോര്‍ക്കുകയാണ്.. ‘നിങ്ങള്‍ കൂടെയുണ്ടായിരുന്നാല്‍ മാത്രം മതിയെനിക്ക്. നിങ്ങള്‍ കൂടെയുണ്ടായാല്‍ അത്രക്കും വലിയ ആവേശമാണ്. അടുത്ത മാസം ഞാനെന്തായാലും നാട്ടില്‍ വരും. ഫാര്‍സിനോട് പറഞ്ഞിട്ടുണ്ട്..നമുക്ക് ഉഷാറാക്കണം..’ഏത് പാതിരാത്രിയിലും വിളിച്ചിട്ട് മാക്കുറ്റീ..ഞാനും പിള്ളേരും എടയന്നൂരില്‍ നിന്നും വരുന്നുണ്ട്.. ഉറങ്ങിയില്ലല്ലോ..? ഷുഹൈബ് ആ നിഷ്‌കളങ്കമായ ശബ്ദം ഇപ്പോഴും മനസിലുണ്ട്.

നീ അന്തിയുറങ്ങുന്ന എടയന്നൂര്‍ വഴി മട്ടന്നൂരിലേക്ക് നിന്റെ അനുസ്മരണം നടത്തേണ്ട ഒരു ഹതഭാഗ്യനായി പോകുന്നു ഞാന്‍.. ‘കൂടെ നിന്റെ അനശ്വര ഓര്‍മ്മകള്‍ മാത്രം..!’