യുഎസില്‍ മൂന്നിടങ്ങളില്‍ വെടിവെപ്പ്; 2 വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ 11 പേർ കൊല്ലപ്പെട്ടു

Jaihind Webdesk
Tuesday, January 24, 2023

കാലിഫോർണിയ: യുഎസിൽ മൂന്നിടങ്ങളില്‍ നടന്ന വെടിവെപ്പിൽ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ 11 പേർ കൊല്ലപ്പെട്ടു. അയോവയിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെടുകയും ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാലിഫോർണിയയിൽ ഹാഫ് മൂൺ ബേയിലെ രണ്ട് ഫാമുകളിൽ ഉണ്ടായ വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടു. ഷിക്കാഗോയില്‍ വീടുകളിലേക്ക് അതിക്രമിച്ച് കയറി അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 2 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ ഹാഫ് മൂണ്‍ ബേയില്‍ രണ്ടിടങ്ങളില്‍ നടന്ന വെടിവെപ്പിലായി ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഒരു ഫാമില്‍ നടന്ന വെടിവെപ്പില്‍ നാല് പേരും ട്രക്ക് ബിസിനസ് ഓഫീസില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു. ഫാമില്‍ ജോലി ചെയ്യുന്ന ചൈനീസ് വംശജരാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിയുതിര്‍ത്ത ശേഷം കടന്ന ഫാമിലെ തന്നെ ജോലിക്കാരനായ ഷാവോ ചുന്‍ലിയെ പോലീസ് പിന്നീട് പിടികൂടി. കാലിഫോര്‍ണിയിയില്‍ മൂന്ന് ദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ വെടിവെപ്പ് സംഭവമാണിത്.

അയോവയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഷിക്കാഗോയില്‍ അപ്പാര്‍ട്ട്‌മെന്‍റിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ക്കിടെ മോണ്‍ട്രേ പാര്‍ക്കില്‍ നടന്ന വെടിവെപ്പില്‍ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു.