മോദിയെയല്ല; ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെങ്കില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് ശിവസേന

Jaihind Webdesk
Wednesday, January 23, 2019

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്നും മോദിയുടെ പ്രത്യേക മമതയില്ലെന്നുമുള്ള നിലപാടില്‍ ശിവസേന. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തൂക്കു സഭയായിരിക്കും നിലവില്‍ വരികയെന്നും ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് പ്രതികരിച്ചു.

ഏതെങ്കിലും സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ ശിവസേന പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യം എന്ന വാക്കു പോലും ശിവസേനയുടെ നിഘണ്ടുവിലില്ലെന്ന് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റാവത്ത് പ്രതികരിച്ചു. ബിജെപി സ്വന്തം കാര്യം മാത്രമാണ് ചിന്തിക്കുന്നത്. അതുകൊണ്ടു ഞങ്ങളും സ്വന്തം കാര്യം മാത്രം നോക്കുന്നു. പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഇല്ലെങ്കില്‍ അവര്‍ക്കു വിജയിക്കാന്‍ സാധിക്കില്ലെന്നും റാവത്ത് പ്രതികരിച്ചു.

മാസങ്ങളായി സഖ്യകക്ഷിയായ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ശിവസേന. ഏറ്റവുമൊടുവില്‍ റഫാല്‍ ഇടപാടില്‍ ജെപിസി അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ ശിവസേന പിന്തുണയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കു പൊരുതാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.