ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം: വളര്‍ത്തമ്മ സിനിയെ കോടതി വെറുതെ വിട്ടു, മോചനം 15മാസത്തെ ജയില്‍ വാസത്തിന് ശേഷം

Jaihind Webdesk
Saturday, March 2, 2019

അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസ് ജയില്‍ മോചിതയായി. ഷെറിനെ അപകടപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിയാതിരുന്നതിനെ തുടര്‍ന്നാണ് മലയാളിയായ സിനിയെ യു.എസ്. കോടതി വെറുതെ വിട്ടത്.

സിനിക്കെതിരെ ഫയല്‍ ചെയ്തിരുന്ന ചൈല്‍ഡ് എന്‍ഡേയ്ജര്‍മെന്റ് ചാര്‍ജ് ഉപേക്ഷിക്കുന്നുവെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് കോടതിയില്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്നാണ് നടപടി. പതിനഞ്ച് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സിനി കുറ്റവിമുക്കയാക്കപ്പെട്ടത്.
അറ്റോര്‍ണിമാരുടെ അകമ്പടിയോടെ ജയിലിന് പുറത്തെത്തിയ സിനി ജയില്‍ വാസം ചാരിറ്റി പ്രവര്‍ത്തനമായി കാണുന്നെന്നും എത്രയും വേഗം സ്വന്തം മക്കള്‍ക്കൊപ്പം ഒന്നിച്ചു ജീവിക്കണമെന്നും പറഞ്ഞു. ജയിലില്‍ നിന്ന് എവിടേക്കാണ് പോകുന്നതെന്നോ ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊ പ്രതികരിക്കാന്‍ സിനി തയ്യാറായില്ല.

ഭര്‍ത്താവ് വെസ്ലി മാത്യൂസിനെതിരായ കേസ് മെയ് മാസത്തില്‍ വിചാരണ ആരംഭിക്കും. ഇരുവരും തങ്ങളുടെ പാരന്റല്‍ റൈറ്റ്‌സ് ഉപേക്ഷിച്ചിട്ടുള്ളതിനാല്‍ സ്വന്തം മകളെ വിട്ടുകിട്ടുന്നതിന് സിനിക്ക് വീണ്ടും കോടതിയെ സമീപിക്കേണ്ടി വരും. 2017 ഒക്ടോബറിലാണ് ഇവരുടെ വളര്‍ത്തുമകളായ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്.