20 വര്‍ഷക്കാലം ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ട് പാര്‍ട്ടി വിടുന്ന കാര്യം പറയാന്‍ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയില്‍ പോയിരുന്നുവെന്നും എല്ലാ അനുഗ്രഹത്തോടെയുമാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് തന്നെ യാത്രയാക്കിയതെന്നും മുന്‍ ബി.ജെ.പി എം.പിയും നരേന്ദ്രമോദി വിമര്‍ശകനുമായ ശത്രുഘ്നന്‍ സിന്‍ഹ. മോദിയുടെ പ്രവര്‍ത്തനങ്ങളെ കഠിനമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള സിന്‍ഹ ഈ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇപ്പോള്‍ പട്നസഹിബ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ രിവശങ്കര്‍ പ്രസാദിനെ നേരിടുകയാണ്.
‘ശരിയായ വഴി, മികച്ച വഴി താന്‍ തിരഞ്ഞെടുക്കുകയായിരുന്നു. താന്‍ തിരഞ്ഞെടുത്ത മികച്ച മാര്‍ഗത്തെ കുറിച്ച അദ്വാനിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു, പക്ഷേ, പോകേണ്ട എന്ന് പറഞ്ഞില്ല’-ശത്രുഘ്നന്‍ സിന്‍ഹ എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. വാജ്പേയിയുടെ പ്രതാപകാലത്ത് ബിജെപിയില്‍ ചേര്‍ന്ന സിന്‍ഹ അക്കാലവും പുതിയ കാലവും തമ്മില്‍ വേര്‍തിരിക്കുന്നത് ഇങ്ങിനെയാണ്. ‘അന്ന് ജനാധിപത്യമുണ്ടായിരുന്നു. ഇന്ന് സ്വേച്ഛാധിപത്യമാണ്.
‘ബിജെപി സ്ഥാപിച്ച എല്‍.കെ അദ്വാനിയ്ക്ക് തന്നെ ടിക്കറ്റ് നിഷേധിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് വേണ്ടിയാണ് ഗാന്ധി നഗര്‍ ടിക്കറ്റ് അദ്വാനിയില്‍ നിന്ന് എടുത്തു മാറ്റിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ മണ്ഡലം എടുത്തു മാറ്റിയതില്‍ അദ്വാനി എറെ ഖിന്നനായിരുന്നുവെന്നും ശത്രുഘ്നന്‍ സിന്‍ഹ വ്യക്തമാക്കി.