മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം അധികാരത്തിലെത്തും; സർക്കാർ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍‍ ബി.ജെ.പി ശ്രമം : ശരദ് പവാർ

Jaihind Webdesk
Tuesday, October 8, 2019

Sharad-Pawar

പ്രതിപക്ഷനേതാക്കളെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ ഏജന്‍സികളെ ഇത്തരം കാര്യങ്ങള്‍ക്കായി കേന്ദ്രം ദുരുപയോഗപ്പെടുത്തുന്നതായും പവാര്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ എം.എല്‍.എമാരെ ബി.ജെ.പി ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. സഹകരണ ബാങ്കുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും തലപ്പത്തുള്ള എം.എല്‍.എമാരെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബി.ജെ.പി ഒപ്പം ചേര്‍ക്കുന്നതെന്ന് പവാര്‍ പറഞ്ഞു. തന്നെ കള്ളക്കേസില്‍ കുടുക്കി രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. സഹകരണ ബാങ്ക് ക്രമക്കേടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പവാര്‍ വ്യക്തമാക്കി. വരുന്ന മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ മറാത്താ ജനത ബി.ജെ.പിക്ക് മറുപടി പറയും. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍.സി.പി സഖ്യം അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പവാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ ഫോൺ നിരന്തരമായി ചോര്‍ത്തുന്നതായും പവാർ ആരോപിച്ചു. അധികാരവും പണവും ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണ്. ഇതെല്ലാം മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് അറിയാമെന്നും അവര്‍ ഒരു മാറ്റത്തിനാണ് കാത്തിരിക്കുന്നതെന്നും പവാര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രിയും ബി.ജെ.പിയും ബലാകോട്ട് പോലെയുള്ള വിഷയങ്ങള്‍ ചർച്ചയാക്കാന്‍ ശ്രമിച്ചതിന് പിന്നിലെ കാപട്യം യുവവോട്ടർമാർ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചറിഞ്ഞു. കര്‍ഷക ആത്മഹത്യയും സാമ്പത്തികതകർച്ചയും ചര്‍ച്ചയാകാതിരിക്കാനാണ് ബി.ജെ.പി കശ്മീരും രാമക്ഷേത്രവും രാഷ്ട്രീയ ആയുധമാക്കുന്നതെന്നും ശരദ് പവാര്‍ പറഞ്ഞു.