പെരുമഴയില്‍ നനഞ്ഞ് മോദിക്കെതിരെ തീപ്പൊരി പ്രസംഗവുമായി ശരദ് പവാർ ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

Jaihind Webdesk
Saturday, October 19, 2019

സതാറ : പെരുമഴയില്‍ നനഞ്ഞൊലിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാർ നടത്തിയ പ്രസംഗത്തിന് നിറയെ കയ്യടി. മഹാരാഷ്ട്രയില്‍ സ്വന്തം തട്ടകമായ സതാറയില്‍ മോദിക്കും ബി.ജെ.പിക്കുമെതിരെ നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പവാറിന്‍റെ അർപ്പണമനോഭാവത്തെയും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യത്തെയാണ് രാഷ്ട്രീയവ്യത്യാസമില്ലാതെ ഏവരും പ്രശംസിക്കുന്നത്. ട്വിറ്റർ ട്രെന്‍ഡിംഗില്‍ ഇടംനേടുകയും ചെയ്തു പവാറിന്‍റെ പ്രസംഗം.

മഹാരാഷ്ട്രയില്‍ സതാറയിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പവാര്‍ നടത്തിയ പ്രസംഗത്തിനിടെ കനത്ത മഴ പെയ്യുകയായിരുന്നു. എല്ലാവരും മഴയില്‍ നിന്ന് രക്ഷ നേടാന്‍ വഴി നോക്കുമ്പോഴും പവാര്‍ തന്‍റെ പ്രസംഗം നിര്‍ത്തിയില്ല. ഇതോടെ സദസ് ഒന്നടങ്കം പവാറിനൊപ്പം നില്‍ക്കുകയായിരുന്നു. തോരാമഴയില്‍ നനഞ്ഞൊലിച്ച് ഉറച്ച ശബ്ദത്തില്‍ ശരദ് പവാർ നടത്തിയ പ്രസംഗം സദസിനെ ഒന്നാകെ പിടിച്ചുനിര്‍ത്തി. പിന്നാലെ പവാറിന്‍റെ പ്രസംഗം സോഷ്യല്‍ മീഡിയയിലും തരംഗമായി.

‘മഴദൈവങ്ങള്‍ എന്‍.സി.പിക്ക് അനുഗ്രഹം ചൊരിയുകയാണ്. തെരഞ്ഞെടുപ്പില്‍ സതാറ അത്ഭുതം സൃഷ്ടിക്കും…’ – മഴയില്‍ നനഞ്ഞ് പവാര്‍ പറഞ്ഞ വാക്കുകള്‍ക്ക് മഴയെക്കാള്‍ ഉച്ചത്തില്‍ കയ്യടി.

പ്രസംഗത്തില്‍ മോദിയുടെയും ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്കും പവാര്‍ മറുപടി നല്‍കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നേരത്തെ പവാര്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ‘പ്രതിപക്ഷത്തുനിന്ന് മികച്ച ഗുസ്തിക്കാരില്ല’ എന്ന ഫഡ്നാവിസിന്‍റെ പ്രസ്താവനയ്ക്ക് ‘ആരും കുട്ടികളോട് മത്സരിക്കാറില്ല’ എന്നായിരുന്നു പവാറിന്‍റെ തിരിച്ചടി.

നിരവധി പേരാണ് ശരദ് പവാറിന്‍റെ മഴ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മഴയ്ക്ക് പോലും അദ്ദേഹത്തിലെ പോരാളിയെ തടയാനാവില്ലെന്ന് ചിലര്‍ ട്വിറ്ററില്‍ ദൃശ്യം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

ശരദ് പവാര്‍ ഇന്നലെ നടത്തിയ പ്രസംഗം കാണിക്കുന്നത് ‘മനുഷ്യനെ നിങ്ങള്‍ക്ക് നശിപ്പിക്കാന്‍ കഴിഞ്ഞേക്കും എന്നാല്‍ തോല്‍പിക്കാന്‍ കഴിയില്ല എന്നതാണ്’. ഞാന്‍ അദ്ദേഹത്തിന്‍റെ പോരാട്ട വീര്യത്തെ അഭിവാദ്യം ചെയ്യുന്നു. ഇത് മഹാരാഷ്ട്രയിലെ ഇനി വരുന്ന നിരവധി തലമുറയ്ക്ക് പ്രചോദനമേകും എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ അമ്പത് വര്‍ഷക്കാലം പകരക്കാരനില്ലാതെ ഈ മനുഷ്യന്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈ കഠിനാധ്വാനം കാരണമാണെന്ന് ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.

എല്ലാ യുദ്ധങ്ങളും ജയിക്കാന്‍ വേണ്ടിയല്ല, പോർമുഖത്ത് ഒരു യോദ്ധാവ് ഉണ്ടെന്ന് ലോകത്തെ അറിയിക്കാന്‍ കൂടിയുള്ളതാണ്. ഒരു യഥാര്‍ത്ഥ പോരാളി !

നിങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. എന്നാല്‍ അദ്ദേഹത്തിന്‍റെ അർപ്പണമനോഭാവത്തെ നിങ്ങള്‍ക്ക് ചോദ്യം ചെയ്യാനാവില്ല. എണ്‍പതിനോടടുക്കുന്ന ഈ മനുഷ്യന്‍റെ പോരാട്ടവീര്യം ബഹുമാനിക്കപ്പെടേണ്ടതാണ്…