മോദി സര്‍ക്കാര്‍ ദേശീയ ദുരന്തം, വോട്ട് ചെയ്ത് പുറത്താക്കണം : ശരദ് പവാര്‍

Jaihind Webdesk
Wednesday, March 6, 2019

Sharad-Pawar

നരേന്ദ്ര മോദി സര്‍ക്കാരിനെ ദേശീയ ദുരന്തമെന്ന് വിശേഷിപ്പിച്ച്എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. വരുന്ന തെരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും മോദി സര്‍ക്കാരിനെ പുറത്താക്കണമെന്നും ശരദ് പവാര്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ ഒരു ദേശീയ ദുരന്തമാണ്. അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി എന്ത് വഴിവിട്ട മാര്‍ഗങ്ങളും അവര്‍ പ്രയോഗിക്കും. പ്രതിപക്ഷകക്ഷികളെല്ലാം മോദിയുടെ ദുര്‍ഭരണത്തിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കണം. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താന്‍ നടത്തുന്ന വഴിവിട്ട ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതയോടെയിരിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ പവാര്‍ ഓര്‍മപ്പെടുത്തി.

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമായതിലൂടെ മോദിക്ക് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്താണെന്ന് മനസിലായിട്ടുണ്ട്. ഭരണാധികാരി എന്ന നിലയില്‍ നരേന്ദ്ര മോദിക്ക് പരിമിതമായ കാഴ്ചപ്പാടുള്ളയാണ്. വീണ്ടും ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യം സേച്ഛാധിപത്യത്തിലേക്ക് നീങ്ങുമെന്നും ജനാധിപത്യ അവകാശങ്ങളെല്ലാം ജനങ്ങള്‍ക്ക് നഷ്ടമാകുമെന്നും ശരദ് പവാര്‍ പറഞ്ഞു.

പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവത്യാഗത്തെ പോലും രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പിയും മോദിയും ശ്രമിക്കുന്നത്. ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടി തങ്ങളുടെ അക്കൌണ്ടിലാക്കാന്‍ നടത്തുന്ന ബി.ജെ.പിയുടെ ശ്രമം ഹീനമാണ്. ഇക്കാര്യത്തില്‍ എന്ത് സംഭാവനയാണ് ബി.ജെ.പിക്ക് അവകാശപ്പെടാനുള്ളതെന്നും ശരദ് പവാര്‍ ചോദിച്ചു.

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, രാജീവ് ഗാന്ധി തുടങ്ങിയവരുടെ നേതൃത്വപാടവവും രാജ്യത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളും ഓര്‍പ്പെടുത്തിയ പവാര്‍ ഇക്കാര്യങ്ങള്‍ മറന്ന്  മോദി സംസാരിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി.

സമസ്ത മേഖലകളിലും പരാജയപ്പെട്ട ഒരു സര്‍ക്കാരിനെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ കാണാന്‍ കഴിഞ്ഞത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, അഴിമതി തുടങ്ങി നിരവധി വിഷയങ്ങള്‍ എടുത്തുപറയാനുണ്ട്. മോദിയുടെ ദുര്‍ഭരണത്തിന് അറുതി വരുത്താന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ശരദ് പവാര്‍ പറഞ്ഞു.