എന്‍സിപി-കേരള കോണ്‍ഗ്രസ് ബി ലയന ചർച്ച നാളെ

Jaihind Webdesk
Friday, December 7, 2018

Sharad-Pawar Balakrishna Pillai

എന്‍സിപി-കേരള കോണ്‍ഗ്രസ് ബി ലയന ചർച്ച നാളെ ഡൽഹിയിൽ നടക്കും. എന്‍സിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ അധ്യക്ഷതയിലാണ് ചർച്ച.കേരളത്തിലെ ലയന ചര്‍ച്ചകൾ വഴിമുട്ടിയ സാഹചര്യത്തിലാണ് വിഷയത്തിൽ ശരദ് പവാര്‍ നേരിട്ട് ഇടപെട്ടിരിക്കുന്നത്. അതേ സമയം ലയനത്തിൽ എൻ.സി.പി. സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പാണുള്ളത്

എൻ.സി.പി യും കേരള കോൺഗ്രസ് ബിയും തമ്മിൽ ലയിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ശരത് പവാർ ഇടപെട്ടിരിക്കുന്നത്. ലയന ചർച്ചകൾക്കായി നാളെ ഡൽഹിയിൽ എത്താനാണ് എൻ.സി.പി സംസ്ഥാന ഘടകത്തിന് ശരത് പവാർ നൽകിയിരിക്കുന്ന നിർദേശം.ലനയകാര്യം നിശ്ചയിക്കാന്‍ കേരള കോൺഗ്രസ് ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള നിയോഗിച്ച സമിതിയോടും ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ലയനത്തെ എൻ.സി.പി യിലെ ഒരു വിഭാഗം ശക്തമായി എതിർക്കുകയാണ്.

ലയനം സാധ്യമായാല്‍ എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും പാര്‍ട്ടിയിലുള്ള സ്വാധീനം നഷ്ടപ്പെടുമെന്ന ആശങ്ക ഈ നേതാക്കള്‍ക്കുണ്ട്. ലയനം വേണ്ടെന്ന നിലപാടില്‍ തന്നെയാണ് എ.കെ.ശശീന്ദ്രന്‍ വിഭാഗം ഇപ്പോഴും ഉറച്ചു നിൽക്കുന്നത്. കേരള കോണ്‍ഗ്രസ് ബി എന്‍സിപിയില്‍ ലയിക്കുക എന്നാല്‍ എന്‍സിപിയെ വിഴുങ്ങുക ആകും സംഭവിക്കുക എന്നാണ് ലയനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ശശീന്ദ്രന് മന്ത്രിസ്ഥാനവും തോമസ് ചാണ്ടിക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും നഷ് ടമാകുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു. ഇതിന്പുറമെ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളും വിട്ടുനല്‍കേണ്ടി വരും.

ഇടതുമുന്നണിയിലെത്താനുള്ള ഏകവഴിയായിട്ടാണ് കോണ്‍ഗ്രസ് ബിയും ആർ.ബാലകൃഷ്ണപിള്ളയും ലയനത്തെ കാണുന്നത്. എന്നാൽ പാർട്ടിയിലെ ഏക എം.എൽ.എയായ ഗണേഷ്‌കുമാർ ഇതുവരെ ലയന നീക്കത്തോട് പ്രതികരിച്ചിട്ടില്ല. കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെ ആശ്രയിച്ചായിരിക്കും ലയന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.[yop_poll id=2]