വാളയാർ കേസില്‍ ശിശുക്ഷേമ സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. കേസിലെ പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായവരും രാഷ്ട്രീയ ബന്ധമുള്ളവരുമാണ് ശിശുക്ഷേമ സമിതിയുടെ (സി.ഡബ്ല്യു.സി) തലപ്പത്തെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. ഈ സാഹചര്യം നിലനില്‍ക്കെ ഇവര്‍ക്ക് കേസിനോട് എന്ത് ഉത്തരവാദിത്വമാണുണ്ടാവുകയെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായെന്നും സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാനാക്കായതിനെയും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അഞ്ചുപേര്‍ പ്രതികളായ കേസില്‍ നാലുപേരെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. 2017 ജനുവരി 13 നാണ് അട്ടപ്പള്ളത്ത് 13 വയസുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ടു പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. എന്നാൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ആദ്യ മരണത്തിൽ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ്.ഐയെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്.