തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രി എസ്.എഫ്.ഐ യൂണിറ്റ് അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെള്ളിയാഴ്ച സംഘര്‍ഷത്തിലേക്ക് എത്തിയത്. തുടര്‍ച്ചയായി സംഘര്‍ഷമുണ്ടായെങ്കിലും പൊലീസിനെ വിളിക്കാനോ സംഘര്‍ഷം തടയാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. സംഘര്‍ഷത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെയാണ് എസ്.എഫ്.ഐ. യൂണിറ്റ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കോളേജില്‍ ആദ്യ സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി വീണ്ടും വിദ്യാര്‍ഥികള്‍ രണ്ടുതവണകൂടി ഏറ്റുമുട്ടി.
രണ്ടു വര്‍ഷം മുമ്പുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കോളേജില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അതെല്ലാം കാറ്റില്‍പ്പറത്തിയ നിലയിലാണ്. രാത്രിയും കോളേജില്‍ വിദ്യാര്‍ഥികള്‍ തങ്ങുന്നുണ്ട്. അച്ചടക്കസമിതികൂടി തീരുമാനിച്ച നിയന്ത്രണങ്ങളും ഇപ്പോള്‍ പാലിക്കുന്നില്ല. തുടര്‍ച്ചയായി സംഘര്‍ഷമുണ്ടായിട്ടും പൊലീസിനെ വിളിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറാവാത്തതില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധമുണ്ട്.
https://youtu.be/jWgs-7tvrZk