ജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എസ്എഫ്ഐ

Jaihind Webdesk
Monday, January 21, 2019

നിലമ്പൂര്‍: സുപ്രസിദ്ധ ഗായിക എസ്. ജാനകിയെ അപമാനിച്ച് എസ്.എഫ്.ഐ. ജീവിച്ചിരിക്കുന്ന ഗായികക്ക് എസ്എഫ്ഐ നിലമ്പൂര്‍ ഏരിയ സമ്മേളനത്തില്‍ അനുശോചനം അര്‍പ്പിച്ചതാണ് വിവാദമായിരിക്കുന്നത്. കലാ സാംസ്‌കാരിക നായകര്‍, പൊതുപ്രവര്‍ത്തകര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചത്. സമ്മേളനത്തിന്റെ അനുശോചന പ്രമേയത്തിനിടെയാണ് കഴിഞ്ഞ വര്‍ഷം അന്തരിച്ച വ്യക്തികളുടെ പട്ടികയ്ക്കൊപ്പം എസ്.ജാനകിയുടെ പേരും ചേര്‍ത്തിരുന്നത്.
എന്നാല്‍ പ്രമേയം വേദിയില്‍ അവതരിപ്പിച്ച സമയത്തും വേദിയിലിരുന്ന നേതാക്കളുള്‍പ്പെടെ ആരും ഈ അബദ്ധം തിരിച്ചറിയുകയോ തിരുത്തുകയോ ചെയ്തില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജാനകി അന്തരിച്ചെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പല തവണ വ്യാജവാര്‍ത്തകള്‍ പരന്നിരുന്നു. സജീവ സംഗീത ജീവിതം അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനത്തിന് ശേഷമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയത്.