പീഡന പരാതിയില്‍ പി.സി ജോർജ് അറസ്റ്റില്‍

Jaihind Webdesk
Saturday, July 2, 2022

തിരുവനന്തപുരം: പീഡനപരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ് അറസ്റ്റില്‍. സോളാർ കേസിലെ പ്രതിയുടെ പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. ലൈംഗിക താത്പര്യത്തോടെ കടന്നുപിടിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. 354, 354എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സ്വർണ്ണക്കടത്തില്‍ സ്വപ്‌നാ സുരേഷിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ ഗൂഢാലോചനാ കേസില്‍ പി.സി. ജോര്‍ജിനെ ഇന്നു ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി ജോര്‍ജും സ്വപ്‌നാ സുരേഷുമാണ് പ്രതികള്‍.  കേസില്‍ പി.സി ജോർജിന്‍റെ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാർ കേസിലെ പ്രതി മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാർ കേസ് പ്രതിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.