ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐ – സി.പി.എം ബാന്ധവം. മുനിസിപ്പാലിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിച്ചതും വിജയിച്ചതും എസ്.ഡി.പി.ഐയുടെ പിന്തുണയോടെ. സംഭവം വിവാദമായതോടെ രാജിവെച്ച് മുഖം രക്ഷിക്കാനായി അടുത്ത ശ്രമം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.എമ്മിലെ ലൈല പരീതാണ് സത്യ പ്രതിജ്ഞ ചെയ്ത് അല്‍പ സമയത്തിനകം തന്നെ രാജിവെച്ചൊഴിഞ്ഞത്.
യു.ഡി.എഫിലെ വി.എം. സിറാജിനെ പരാജയപ്പെടുത്തിയാണ് ലൈല പരീത് വിജയിച്ചത്. വി.എം. സിറാജിന് 12 വോട്ടുകളും ലൈല പരീതിന് 14 വോട്ടുകളുമാണ് ലഭിച്ചത്. എസ്.ഡി.പി.ഐയുടെ വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്. എസ്.ഡി.പി.ഐ പിന്തുണയോടെയുള്ള മുനിസിപ്പാലിറ്റി ഭരണത്തെക്കുറിച്ച് വിവാദവും വിമര്‍ശനവും ശക്തമായതോടെയാണ് രാജിയും മുഖംരക്ഷിക്കല്‍ നീക്കവും.
28 അംഗ നഗരസഭാ കൗണ്‍സിലില്‍ മുസ്ലിം ലീഗ് 9, കോണ്‍ഗ്രസ് 3, സി.പി.എം 7, സി.പി.ഐ 1, എസ്.ഡി.പി.ഐ 4, ജനപക്ഷം 4 എന്നിങ്ങനെയാണ് കക്ഷി നില. എന്നാല്‍ ജനപക്ഷത്തെ ഓരോ അംഗങ്ങള്‍ ഇപ്പോള്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനുമൊപ്പാണുള്ളത്.
എസ്.ഡി.പി.ഐ – സി.പി.എം സഖ്യം പുറത്തുവന്നതോടെ വിമര്‍ശനങ്ങളും ശക്തമായിരിക്കുകയാണ്. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എന്ത് കൊണ്ടാണ് പിടി കൂടാതിരിക്കുന്നത് എന്നതിന്റെ ഉത്തരം കൂടിയാണ് എസ്.ഡി.പി.ഐ പിന്തുണയിൽ ലഭിച്ച ഈ ചെയർപേഴ്സൺ പദവിയെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് അഭിപ്രായപ്പെട്ടു.
“അധികാരം ലഭിക്കുന്നതിന് തരാതരം ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും ഉപയോഗപ്പെടുത്തുന്നവരാണ് സി.പി.എം എന്ന് ഒരിക്കൽ കൂടി അവർ തെളിയിച്ചിരിക്കുന്നു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് ഇന്ന് സി.പി.എം വിജയിച്ചത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എന്ത് കൊണ്ടാണ് പിടി കൂടാതിരിക്കുന്നത് എന്നതിന്റെ ഉത്തരം കൂടിയാണ് എസ്.ഡി.പി.ഐ പിന്തുണയിൽ ലഭിച്ച ഈ ചെയർപേഴ്സൺ പദവി.
ഇനി ഡി.വൈ.എഫ്.ഐ ക്കാരോടും എസ്.എഫ്.ഐ ക്കാരോടും ഒറ്റച്ചോദ്യം. നിങ്ങൾ ആരുടെ കൂടെയാണ്? അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ കൂടെയോ അതോ അഭിമന്യുവിനെ ഒറ്റിക്കൊടുത്തവരുടെ കൂടെയോ?” പി.കെ. ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.