വി.കെ പ്രശാന്തിന് ചേരുക ‘മേയർ ദ ഹെല്‍’ എന്ന വിശേഷണം ; ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്‍റെ ദുർഭരണത്തിന്‍റെ വിലയിരുത്തലാകും : എം.എം ഹസന്‍ | Video

Jaihind Webdesk
Wednesday, October 9, 2019

 

സംസ്ഥാന സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. ഉപതെരഞ്ഞെടുപ്പ് പിണറായി ഗവൺമെന്‍റിന്‍റെ ദുർഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് എം.എം ഹസന്‍ പറഞ്ഞു. വിശ്വാസി സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് ഇടതുസർക്കാർ സ്വീകരിക്കുന്നത്. അതേ സമയം ‘മേയർ ദ ഹെൽ’ എന്ന വിശേഷണമാണ് വട്ടിയൂർക്കാവിലെ സി.പി.എം സ്ഥാനാർത്ഥി വി.കെ പ്രശാന്തിന് യോജിക്കുന്നതെന്നും എം.എം ഹസന്‍ പറഞ്ഞു.

ശബരിമല വിഷയത്തിലെ നിലപാട് എന്തെന്ന് സി.പി.എം വ്യക്തമാക്കണം. മണ്ഡലകാലം വരാനിരിക്കെ വീണ്ടും ശബരിമലയെ കുരുതിക്കളമാക്കുന്ന നടപടിയാണോ പിണറായി സർക്കാർ സ്വീകരിക്കാൻ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാർ ബാധ്യസ്ഥരാണ്. സുപ്രീം കോടതി വിധിയെ മറയാക്കി വിശ്വാസിസമൂഹത്തെ ദ്രോഹിക്കുന്ന നിലപാടാണ് ഇടതുസർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ വിശ്വാസി സമൂഹം പ്രതികരിക്കും. ശബരിമല അയ്യപ്പനേയും ഗുരുവായൂരപ്പനേയും തിരിച്ചറിയാൻ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. കഴുത്ത് ഞെരിച്ചു കൊല്ലുന്ന കൊലയാളി രക്ഷിക്കണേ ദൈവമേ എന്ന് പ്രാര്‍ത്ഥിക്കുന്നത് പോലെയാണ് ഉപതെരഞ്ഞെടുപ്പില്‍ അയ്യപ്പസ്വാമി സഹായിക്കുമെന്ന മന്ത്രി ഇ.പി ജയരാജന്‍റെ പ്രസ്താവന. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടും കൊലയാളി പാര്‍ട്ടികളാണ്.

ശബരിമല വിഷയത്തില്‍ യു.ഡി.എഫ് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.  യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരിക്കുകയാണ്. പാര്‍ലമെന്‍റില്‍ ഇതുസംബന്ധിച്ച ബില്ല് യു.ഡി.എഫ് പ്രതിനിധി എന്‍.കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ചു. എന്നാല്‍ ഇത്തരമൊരു നിലപാട് പിണറായി സര്‍ക്കാരോ ബി.ജെ.പി സര്‍ക്കാരോ സ്വീകരിച്ചിട്ടില്ല. ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസവും വ്യക്തമാക്കി. ഇന്ത്യന്‍ പൈതൃകം ഉള്‍ക്കൊള്ളാത്ത വര്‍ഗീയവാദികളുടെതല്ല മറിച്ച് മതേതര ജനാധിപത്യവിശ്വാസികളുടെ വോട്ടാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ഹിറ്റ്ലറുടെ വംശാധിപത്യം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരാണ് ആര്‍.എസ്.എസുകാര്‍.

കെട്ടിച്ചമച്ച പ്രതിഛായയാണ് വട്ടിയൂര്‍ക്കാവിലെ ഇടതുസ്ഥാനാര്‍ത്ഥിക്കുള്ളത്. വി.കെ പ്രശാന്തിന് നഗരഭരണത്തിന്‍റെ മേന്മകള്‍ പറയാന്‍ യാതൊരു അവകാശവുമില്ല. കോർപറേഷനെ മാലിന്യക്കൂമ്പാരമാക്കിയതിന് പിഴ അടക്കേണ്ടിവന്നതാണോ മേയർ അവകാശപ്പെടുന്ന നേട്ടമെന്ന് അദ്ദേഹം ചോദിച്ചു. ഒരുകാലത്ത് ശുചിത്വ നഗരമായിരുന്ന തിരുവനന്തപുരത്തെ നരക തുല്യമാക്കിയതാണ് മേയര്‍ വി.കെ പ്രശാന്തിന്‍റെ നേട്ടം. ഇദ്ദേഹം മേയര്‍ ബ്രോ അല്ല, ‘മേയര്‍ ദ ഹെല്‍’ അഥവാ നരകത്തിന്‍റെ സൂക്ഷിപ്പുകാരനാണെന്നും എം.എം ഹസന്‍ പറഞ്ഞു. വരാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിക്കുമെന്നും എം.എം ഹസൻ വ്യക്തമാക്കി.