ഒന്നാം പിണറായി സര്‍ക്കാരിലെ പേഴ്സണല്‍ സ്റ്റാഫുകളുടെ ശമ്പളം : ഒരു മാസം നല്‍കിയത് രണ്ടര കോടിയിലധികം രൂപ ; വിവരാവകാശരേഖ

Jaihind Webdesk
Monday, June 28, 2021

തിരുവനന്തപുരം : ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ഒരു മാസം ശമ്പള ഇനത്തില്‍ നല്‍കിയത് രണ്ടര കോടിയിലധികം രൂപ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്സണല്‍ സ്റ്റാഫുകളാണ് ശമ്പള ഇനത്തില്‍ കൂടുതല്‍ തുക കൈപ്പറ്റിയത്. ഇതുസംബന്ധിച്ച വിവരാവകാശരേഖ പുറത്തുവന്നു.

ഒന്നാം പിണറായി സര്‍ക്കാരിലെ 20 മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പ്രതിമാസം ശമ്പള ഇനത്തില്‍ 2,51,11000 രൂപയാണ് നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള 26 പേഴ്സണല്‍ സ്റ്റാഫുകള്‍ക്കായി ഒരു മാസം ശമ്പള ഇനത്തില്‍ 17. 5 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ  പ്രസ് അഡ്വൈസര്‍ പ്രഭാവര്‍മ്മയാണ് ഏറ്റവും കൂടുതല്‍ മാസ ശമ്പളം കൈപ്പറ്റുന്നത്. 1,41404 രൂപയാണ് പ്രസ് അഡ്വൈസറുടെ പ്രതിമാസ ശമ്പളം. 1,20000 രൂപ നല്‍കി നിയമിച്ച പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പുറമേ 54000 ശമ്പള ഇനത്തില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പേഴ്സണല്‍ അസിസ്റ്റന്‍റിനെയും നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ കൃഷി മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക ശമ്പള ഇനത്തില്‍ നല്‍കിയത്. പ്രതിമാസം 15,16000 രൂപ.

8,12000 രൂപ ശമ്പള ഇനത്തില്‍ കൈപ്പറ്റിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളാണ് കുറഞ്ഞ മാസ ശമ്പളം കൈപ്പറ്റിയിരിക്കുന്നത്. ഓരോ മന്ത്രിമാര്‍ക്കും ശരാശരി 24 പേഴ്സണല്‍ സ്റ്റാഫുകളാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷം 30 കോടി പതിമൂന്ന് ലക്ഷം രൂപയാണ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പള ഇനത്തില്‍ നല്‍കിയിട്ടുള്ളത്.