ശമ്പള ഉത്തരവ് സ്റ്റേ ചെയ്തതില്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ അധിഷേപവുമായി ധനമന്ത്രിയുടെ അഡീഷണല്‍ പിഎസ്; ‘പിതൃസ്വത്തായി വിധി കർത്താക്കൾ വന്നാൽ ഇതാകും നില’

ശമ്പള ഉത്തരവ് സ്റ്റേ ചെയ്ത നടപടിയില്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ അധിഷേപവുമായി ധനമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി. ധനമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ മുകുന്ദനാണ് ഫേസ്ബുക്കിലൂടെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പിതൃസ്വത്തായി വിധി കർത്താക്കൾ വന്നാൽ ഇതാകും നിലയെന്നായിരുന്നു മുകുന്ദകുമാര്‍ ഫേസ്ബുക്ക് കമന്‍റിന് മറുപടിയായി കുറിച്ചത്.

ശമ്പള ഉത്തരവ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണെന്നു പറഞ്ഞ ഹൈക്കോടതി ശമ്പളം നീട്ടിവയ്ക്കാനുള്ള തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നും അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം നീട്ടിവയ്ക്കുന്നത് ന്യായീകരണമല്ലെന്നും ഹൈക്കോടതി വിലയിരുത്തി. ശമ്പളം നീട്ടിവയ്ക്കുന്നത് ശമ്പളം നിരസിക്കുന്നതിന് തുല്യമാണ്.

കൊവിഡ് ദുരന്ത നിവാരണത്തിനാണോ പണം ഉപയോഗിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്.

 

Comments (0)
Add Comment