വാളയാർ കേസ് നിയമസഭയിൽ : കേസന്വേഷണത്തിൽ വീഴ്ചയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Jaihind News Bureau
Monday, October 28, 2019

പതിനാറാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് തുടക്കമായി. വാളയാർ കേസ് നിയമസഭയെ പ്രക്ഷുബ്ദ്ധമാക്കി. കേസന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും പ്രതികളെ സംരക്ഷിക്കാൻ ശ്രമമെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രോസിക്യൂഷന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.   സംഭവത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

വാളയാറിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമായ രീതിയിൽ കേസിന്‍റെ അന്വേഷണം അട്ടിമറിക്കാൻ പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ ബോധപൂർവമായ ശ്രമങ്ങളും അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയും മൂലം തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇത് മൂലമാണ് പ്രതികളെ വെറുതെ വിടാൻ ഇടയായത്. ഈ സാഹചര്യം സഭാ നടപടികൾ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. പ്രതിപക്ഷത്തിനായി ഷാഫി പറമ്പിൽ എംഎൽഎ ആണ് നോട്ടീസ് നൽകിയത്.