മേഘങ്ങളുടെ മറവില്‍ എയര്‍സ്ട്രൈക്കിന് തീരുമാനിച്ചത് തന്‍റെ ‘ബുദ്ധി’യെന്ന് മോദി; മോദിയുടെ ‘മേഘ സിദ്ധാന്തം’ മണ്ടത്തരമെന്ന് വിദഗ്ധര്‍; പോസ്റ്റ് മുക്കി ബി.ജെ.പി

Jaihind Webdesk
Sunday, May 12, 2019

Narendra-Modi

ബലാകോട്ട് വ്യോമാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ‘മേഘസിദ്ധാന്ത’ത്തില്‍ പുലിവാല് പിടിച്ച് ബി.ജെ.പി. മേഘങ്ങള്‍ ഉള്ളപ്പോള്‍ വ്യോമാക്രമണം നടത്താന്‍ തീരുമാനിച്ചത് തന്‍റെ ബുദ്ധിയാണെന്ന് പറഞ്ഞ മോദിയുടെ വാദം ശുദ്ധ വിവരക്കേടാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയതോടെ ബി.ജെ.പി ട്വിറ്റര്‍ പോസ്റ്റ് പിന്‍വലിച്ചു.

ബലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട ചാനല്‍ചര്‍ച്ചയ്ക്കിടെയായിരുന്നു മോദിയുടെ ‘മേഘ സിദ്ധാന്തം’.  ഇന്ത്യന്‍ സേന ബലാകോട്ട് ആക്രമണം നടത്തിയത് തന്‍റെ ‘ബുദ്ധിപരമായ നീക്ക’ത്തിലൂടെയാണെന്ന് മോദി പറഞ്ഞതാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയത്.

എയര്‍ സ്ട്രൈക്കിന് തെരഞ്ഞെടുത്ത ദിവസം കാലാവസ്ഥ മോശമായിരുന്നെന്നും ആക്രമണവുമായി മുന്നോട്ടു പോകണോ എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ആശങ്കാകുലരായിരുന്നെന്നും  മോദി പറയുന്നു. മേഘങ്ങളുള്ള കാലാവസ്ഥയില്‍ ആക്രമണം നടത്തിയാല്‍ പാക് റഡാറില്‍ പെടാതെ നമ്മുടെ വിമാനങ്ങള്‍ക്ക് രക്ഷപ്പെടാമെന്നായിരുന്നു മോദിയുടെ ‘ബുദ്ധി’.

ഇത് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ മോദിയുടെ വിവരക്കേടിനെ പരിഹസിച്ച് കമന്‍റുകള്‍ നിറഞ്ഞു. റഡാറുകളുടെ പ്രവര്‍ത്തനം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ആരുമില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു.

വ്യോമാക്രമണം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഇപ്പോള്‍ ബോധ്യമായെന്നും വ്യോമാക്രമണ ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടും അതിന് അനുവദിക്കാതെ അവരെ മോദി നിര്‍ബന്ധിക്കുകയായിരുന്നെന്നും കനത്ത മേഘങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ റഡാറില്‍ നിന്നും വിമാനങ്ങളെ മറച്ചുപിടിക്കുമെന്നുമുള്ള ബുദ്ധിശൂന്യമായ ഒരു യുക്തി ഉപയോഗിച്ച് മോദി ഇന്ത്യന്‍ സേനയെ പരിഹസിക്കുകയായിരുന്നെന്നും ചിലര്‍ വിമര്‍ശിച്ചു. ബാലാകോട്ട് ആക്രമണം മോദിയുടെ നിക്ഷിപ്ത താത്പര്യത്തില്‍ നിന്നും ഉണ്ടായതാണെന്നും ഇത് ഗൗരവമുള്ളതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

ആധുനിക റഡാര്‍ സംവിധാനത്തില്‍ കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ലെന്നും മോദിയുടെ ഇത്തരമൊരു നിര്‍ദേശം തികച്ചും തെറ്റായിരുന്നെന്നും ഇന്ത്യന്‍ മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഖാലിദ് എഹ്‌സാന്‍ ചൂണ്ടിക്കാട്ടി. പ്രതികൂല കാലാവസ്ഥ ഇന്ത്യന്‍ സേനക്കാകും തിരിച്ചടിയാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മേഘങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്നെ ഉണ്ടെന്നും അങ്ങനെ ഇല്ലായിരുന്നെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെയെന്നും കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയും മോദിയെ പരിഹസിച്ചു.

https://twitter.com/Ghair_Kanooni/status/1127273068122869761