ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി; പി ശ്രീജിത്ത് വിജയിച്ചത് 308 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍

Jaihind Webdesk
Friday, February 15, 2019

RMPI-CPIM-flags

ഒഞ്ചിയം പഞ്ചായത്ത് പുതിയോട്ടുംകണ്ടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ആര്‍എംപിയ്ക്ക് വിജയം. ഇതോടെ പഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി. നിലവില്‍ യുഡിഎഫ് പിന്തുണയോടെ ആര്‍എംപി ആണ് പഞ്ചായത്ത് ഭരിക്കുന്നത്.

സിപിഎം സ്ഥാനാര്‍ത്ഥി രാജാറാം തൈപ്പിള്ളിയെ 308 വോട്ടിന് പരാജയപ്പെടുത്തിയാണ് ആര്‍എംപി സ്ഥാനാര്‍ത്ഥി പി ശ്രീജിത്ത് വിജയിച്ചത്.

ആര്‍എംപി മെമ്പര്‍ എ ജി ഗോപിനാഥിന്‍റെ മരണത്തോടെയാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായതോടെ ആര്‍എംപിയ്ക്കെതിരെ സകല അടവും സിപിഎം പയറ്റിയിരുന്നു. ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പഞ്ചായത്ത് ഭരണം ഏത് മുന്നണിക്കെന്ന് നിര്‍ണയിക്കും എന്നായതോടെ മുന്‍ നിര നേതാക്കളെ തന്നെ സിപിഎം രംഗത്തിറക്കിയിരുന്നു.

ആകെ 17 വാര്‍ഡുകളുള്ള ഒഞ്ചിയം പഞ്ചായത്തില്‍ യുഡിഎഫിന്‍റെ മൂന്ന് അംഗങ്ങളും ആര്‍എംപിയുടെ ആറ് അംഗങ്ങളും ചേര്‍ന്ന് ഒമ്പത് പേരാണ് ഉള്ളത്. എല്‍ഡിഎഫിനാകട്ടെ ലോക്താന്ത്രിക് ദള്‍ അടക്കം എട്ട് മെമ്പര്‍മാരും. ലോക് താന്ത്രിക് ദള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേയ്ക്ക് മാറിയതോടെയാണ് ഏഴ് സീറ്റുകളുണ്ടായിരുന്ന ഇടതുമുന്നണിയുടെ മെമ്പര്‍മാരുടെ എണ്ണം എട്ട് ആയത്. കോണ്‍ഗ്രസിന് ഒന്ന്, ലോക് താന്ത്രിക് ദളിന് ഒന്ന്, ലീഗിന് രണ്ട് എന്നിങ്ങനെയായിരുന്നു മുമ്പത്തെ യുഡിഎഫ് കക്ഷിനില.[yop_poll id=2]