രാജ്യത്ത് അസമത്വം വളരുന്നത് ഗൗരവമായെടുക്കണം : ഡോ. മൻമോഹൻ സിംഗ്

Jaihind Webdesk
Tuesday, June 25, 2019

manmohan-singh

രാജ്യത്ത് അസമത്വം വളരുന്നത് ഗൗരവമായെടുക്കണമെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ. മൻമോഹൻ സിംഗ്. ക്ഷേമ രാഷ്ട്രമെന്ന നിലയിൽ അതിദാരിദ്യവും സാമ്പത്തിക അസമത്വവും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ‘റൈസിംഗ് ഇനീക്വാലിറ്റീസ് ഇൻ ഇന്ത്യ 2018’ എന്ന സാമൂഹിക വികസന റിപ്പോർട്ട് പുറത്തിറക്കുന്ന ചടങ്ങിലാണ് മൻമോഹൻ ഇക്കാര്യം പറഞ്ഞത്.

ചില പ്രദേശങ്ങളും ജനവിഭാഗവും അതീവ ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇക്കോണമിയാണ് ഇന്ത്യയുടേത്. എന്നാൽ, ഉയർന്ന സാമ്പത്തിക വളർച്ച സാമ്പത്തിക, സാമൂഹിക, നഗര-ഗ്രാമ അസമത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക അസമത്വം വളരുന്നത് സാമ്പത്തിക സ്ഥിതിയെയും സാമൂഹിക, രാഷ്ട്രീയ അസമത്വം സുസ്ഥിര വികസന പദ്ധതികളുടെ വേഗത്തെയും ബാധിക്കും. അസമത്വം ആഗോള പ്രതിഭാസമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.യുപിഎ സർക്കാർ നടപ്പാക്കിയ വിവരാവകാശ നിയമം, വന നിയമം, ഹിന്ദു പിന്തുടർച്ചാവകാശ നിയമഭേദഗതി, തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയവ അസമത്വം ഇല്ലാതാക്കാൻ ആവിഷ്‌കരിച്ച നടപടികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2000-2017 കാലയളവിൽ ആറു മടങ്ങ് ഇന്ത്യയിലെ സാമ്പത്തിക അസമത്വം വർധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയ വരുമാനത്തിന്‍റെ 22 ശതമാനവും രാജ്യത്തെ ഒരു ശതമാനത്തിന്‍റെ കൈയ്യിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രൊഫസർമാരായ ടി ഹഖ്, ഡി എൻ റെഡ്ഡി എന്നിവരാണ് റിപ്പോർട്ട് എഡിറ്റ് ചെയ്തത്. രാജ്യത്തെ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ദരുമാണ് റിപ്പോർട്ടിൽ എഴുതിയത്.