കിംഗ് ഫഹദ് കോസ് വേയിലെ നിയന്ത്രണങ്ങള്‍, മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തില്‍; വിദേശകാര്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

Jaihind Webdesk
Wednesday, May 26, 2021

ന്യൂഡല്‍ഹി : ബഹറിൻ വഴി സൗദി അറേബ്യയിലേക്ക് പോകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ദുരവസ്ഥയില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് രാഹുല്‍ ഗാന്ധിയുടെ കത്ത്. കിംഗ് ഫഹസ് കോസ് വേയില്‍ പുതുതായി ഏര്‍പ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം സൗദി അറേബ്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇപ്പോള്‍ സൗദി യിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസി തൊഴിലാളികൾ ബഹറിനില്‍ 14 ദിവസത്തെ ക്വാറന്‍റൈന് വിധേയരാകുന്നുണ്ട്.  കിംഗ് ഫഹദ് കോസ് വേയിലെ പുതുക്കിയ നിയമങ്ങൾ അനുസരിച്ച് കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചവരേയോ കൊവിഡ് ഭേദമായവരെയോ മാത്രമേ അതുവഴി പ്രവേശിക്കാൻ അനുവദിക്കൂ. കൂടാതെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അടുത്തിടെ പ്രഖ്യാപിച്ച ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറൈനും അനുബന്ധ നടപടിക്രമങ്ങളും അനുസരിച്ച് വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർക്ക് ഏഴു ദിവസത്തെ പെയ്ഡ് ക്വാറന്‍റൈന്‍ നിർബന്ധമാക്കി. ക്വാറന്‍റൈന്‍ തുക ഫ്ലൈറ്റ് ടിക്കറ്റിലേക്ക് ചേർക്കാൻ എയർ കാരിയറുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വിമാന ടിക്കറ്റിന്‍റെ വില ഗണ്യമായി വർധിച്ചു.

പലരും ഭക്ഷണത്തിനും താമസത്തിനും പോലും വകയില്ലാതെ ബഹറിനിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ബഹറിനിൽ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന് വിധേയരായ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പിന്നീട് 7 ദിവസത്തെ പെയ്ഡ് ക്വാറന്‍റൈനിലും തുടരേണ്ട സ്ഥിതിയാണുവിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും  ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയത് പ്രശ്നപരിഹാരം കണ്ടെത്തണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.