സംസ്ഥാനത്ത് ഉടൻ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ലെന്ന് കെഎസ്ഇബി

Jaihind Webdesk
Tuesday, July 16, 2019

സംസ്ഥാനത്ത് ഉടൻ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ലെന്ന് കെഎസ്ഇബി. ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരാനാണ് കെഎസ്ഇബി തീരുമാനിച്ചത്. ഓഗസ്റ്റ് ഒന്നിന് വീണ്ടും യോഗം ചേർന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും അടക്കമുള്ള സാഹചര്യങ്ങൾ വിശദമായി വിലയിരുത്താനും തീരുമാനമായിട്ടുണ്ട്.

വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിൽ വിശ്വാസമർപ്പിച്ചാണ് ലോഡ്‌ഷെഡിംഗ് ഉടൻ വേണ്ടെന്ന നിലപാടിലേക്ക് കെഎസ്ഇബി എത്തിയത്. അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 12% വെള്ളം മാത്രമേ ബാക്കിയുള്ളൂ. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്‍റെ മൂന്നിൽ ഒന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. ഈ മാസം മുപ്പത് വരെ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെഎസ്ഇബിയുടെ കണക്കൂട്ടൽ. അതിനുള്ളിൽ കാലവർഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.

കേന്ദ്രവൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയുടെ കുറവ് മൂലം ഇതിനകം ചില സ്ഥലങ്ങളിൽ നിയന്ത്രണം നിലവിലുണ്ട്. എന്നാൽ പൂർണമായി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ 30ന് ശേഷം തീരുമാനമെടുക്കുമെന്നാണ് ധാരണ.