സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി

Tuesday, January 8, 2019

ന്യൂദല്‍ഹി: മുന്നോക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി. കോണ്‍ഗ്രസും സി.പി.എമ്മും ബില്ലിനെ അനുകൂലിച്ചു. നാളെ രാജ്യ സഭയുടെ പരിഗണനക്ക് വിടും. ഭരണഘടന തന്നെ ഭേദഗതി ചെയ്യുന്നതിനാണ് ലോക്‌സഭാ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. 323 പേര്‍ ബില്ലിനെ അനകൂലിച്ചു. മൂന്നുപേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.
ബില്‍ അവതരിപ്പിച്ചപ്പോള്‍ ഒരു പാര്‍ട്ടിയും എതിര്‍ത്തിരുന്നില്ല. എന്നാല്‍ ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ സി.പി.എമ്മും മറ്റ് പാര്‍ട്ടികളും എതിര്‍പ്പുമായി വന്നു. കോണ്‍ഗ്രസിന് വേണ്ടി സംസാരിച്ച കെ.വി തോമസ് തിരക്കിട്ട് ബില്‍ കൊണ്ടുവന്നത് ഉചിതമല്ലെന്ന അഭിപ്രായപ്പെട്ടു. എന്നാല്‍ സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മായാവതി ബില്ലിനെ പിന്തുണച്ചപ്പോള്‍ ആര്‍.ജെ.ഡിയും സമാജ്‌വാദി പാര്‍ട്ടിയും എതിര്‍പ്പ് പ്രകടിപ്പിച്ചു.

ബില്ലിനെ പൂര്‍ണ്ണമായും പിന്തുണക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നുവെങ്കിലും സി.പി.എം പോളിറ്റ് ബ്യൂറോ ചര്‍ച്ചയില്ലാതെ ബില്‍ കൊണ്ടുവന്ന നടപടിയെ എതിര്‍ത്തു. അതേസമയം സാമ്പത്തിക സംവരണത്തിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.