അഴീക്കൽ കോസ്റ്റ് ഗാർഡ് അക്കാദമി പദ്ധതി: കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു : കെ.സുധാകരൻ എംപി

Jaihind News Bureau
Tuesday, December 3, 2019

അഴീക്കൽ കോസ്റ്റ് ഗാർഡ് അക്കാദമി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിലൂടെ മോദി സർക്കാറിന്‍റെ കേരളത്തോടുള്ള സമീപനമാണ് വ്യക്തമാവുന്നതെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു.

ജില്ലയുടെ വികസനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നതും കേരളത്തിന്‍റെ പൊതു വികസനത്തിൽ നാഴികക്കല്ലാവുന്നതുമായ പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും കെ.സുധാകരൻ എം.പി അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാറിന്‍റെ കോസ്റ്റൽ റെഗുലേഷൻ സോണിൽ വരുന്നതിനാൽ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വകുപ്പിന്റെ അനുമതി ലഭ്യമായിട്ടില്ല എന്ന കാരണം പറഞ്ഞാണ് കേന്ദ്ര സർക്കാറിന്റെ വിവേചനപരമായ തീരുമാനം ഉണ്ടായത്. അഴീക്കൽ കോസ്റ്റ് ഗാർഡ് അക്കാദമിക്ക് വേണ്ടി 65 കോടിയോളം രൂപ ചിലവഴിച്ച് കഴിഞ്ഞതിന് ശേഷമാണ് കേന്ദ്ര സർക്കാറിൽ നിന്നും ഇപ്പോൾ നിരുത്തരവാദപരമായ സമീപനം ഉണ്ടാവുന്നത്. അഴീക്കൽ തുറമുഖവുമായി ബസപ്പെട്ട് വലിയ വികസനം നടക്കുമ്പോഴും,എല്ലാവിധ അടിസ്ഥാന വികസന സൗകര്യങ്ങളും മറ്റ് അനുയോജ്യമായ ഭൂമി ശാസ്ത്രപരമായ സൗകര്യങ്ങളും ഒത്തിണങ്ങിയ അഴീക്കലിലെ ഇരിണാവിലെ പ്രദേശം എല്ലാവിധ സർക്കാർ പരിശോധനകളും പൂർത്തിയാക്കിയതിന് ശേഷമാണ് തറക്കല്ലിട്ട് നിർമാണ പ്രവർത്തനം ആരംഭിച്ചത്.

കേരളത്തിന്റെ വികസന കാര്യത്തിൽ ഭരണത്തിലേറി ആറ് മാസം പൂർത്തിയാവുന്നതിന് മുൻപേ നിക്ഷേധാത്മക സമീപനവും പ്രഖ്യാപിച്ചതും നടപ്പിലാക്കി തുടങ്ങിയതുമായ പദ്ധതികൾ പിൻവലിക്കുന്നതുമായ നടപടിയാണ് മോദി സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്. ആയിരക്കണക്കിന് പ്രത്യക്ഷമായതൊഴിൽ സാധ്യതകളും പരോക്ഷമായ മറ്റനവധി സൗകര്യങ്ങളും പ്രതീക്ഷിച്ച് കാത്തിരുന്ന മലയാളികളുടെ വികസന സ്വപ്നങ്ങൾക്കാണ് കേന്ദ്ര സർക്കാർ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്.

കർണ്ണാടകത്തിലെ മംഗളൂരുവിന് സമീപത്തുള്ള ബൈക്കംപാടിയിലേക്ക് പദ്ധതി കൊണ്ടുപോകാനുള്ള ഇടക്കാലത്തെ ശ്രമവും കേന്ദ്ര സർക്കാറിൽ നിന്ന് ഉണ്ടായിരുന്നു.

യു.പി.എ. ഗവൺമെന്‍റ് കേന്ദ്ര ഭരണം നടത്തുന്ന സമയത്ത് 2009ൽ തന്നെ ആവശ്യമായ പരിശോധനകൾ നടത്തിയതിന് ശേഷമാണ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി നല്കിയതെന്നിരിക്കെ യുക്തിസഹമല്ലാത്ത കാരണങ്ങൾ നിരത്തി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സർക്കാറിന്റെ ഇത്തരം സമീപനത്തിനെതിരെ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് പൊരുതുമെന്നും കെ.സുധാകരൻ എം.പി. പ്രസ്താവനയിൽ പറഞ്ഞു.