മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ്

Jaihind News Bureau
Friday, July 19, 2019

dean-Kuriakose-Loksabha

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. 60 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡാമുകൾ ഡീകമ്മീഷൻ ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

രത്നഗിരി ജില്ലയിലെ തിവാരെ ഡാം കനത്ത മഴയെ തുടർന്ന് തകർന്ന് 18 പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. കേവലം 19 വർഷം പഴക്കമുള്ള അണക്കെട്ടാണ് തകർന്നത്. ദുഖിതരായ കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പക്ഷേ നഷ്ടപ്പെട്ട ജീവന് പകരമായി ആർക്കും ഒന്നും നൽകാനാവില്ല. പരസ്പരം പഴിചാരൽ മാത്രമാണ് നടക്കുന്നത്. ഈ സംഭവത്തിൻറെ അടിസ്ഥാനത്തിൽ, ഇപ്പോൾ രാജ്യത്ത് 60 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡാമുകൾ ഡീ കമ്മീഷൻ ചെയ്യുവാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ലോക്‌സഭയിൽ ആവശ്യപ്പെട്ടു. 19 വർഷം പഴക്കമുള്ള ഒരു അണക്കെട്ടിന് ഈ ദുരന്തം നേരിടേണ്ടി വന്നാൽ, ആധുനിക സംവിധാനങ്ങളോ ഉപകരണങ്ങളോ ഇല്ലാതെ 19-ം നൂറ്റാണ്ടിൽ നിർമ്മിച്ച മുല്ലപെരിയാർ അണക്കെട്ടിനെപ്പറ്റി ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇടുക്കിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം എത്തിക്കുന്നതിൽ സംസ്ഥാനത്തിന് എതിർപ്പില്ല, പക്ഷേ കേരളത്തിലെ അഞ്ച് ജില്ലകളുടെ ജീവൻ, സ്വത്ത് എന്നിവ സംരക്ഷിക്കുക എന്നതാണ് സംസ്ഥാനത്തിൻറെ ആശങ്ക. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച പ്രശ്നം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കത്തിന് കാരണമായി. മാത്രമല്ല, അണക്കെട്ടിൻറെ അറ്റകുറ്റപ്പണികൾ കാര്യമായി നടക്കുന്നില്ലെന്നും ഡാം സ്ഥിതി ചെയ്യുന്നത് വളരെ നിർണായക ഘട്ടത്തിലാണെന്നും സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്താൻ ആഗ്രഹിക്കുന്നു. അതിനാൽ രാജ്യത്ത് 60 വർഷത്തിലേറെ പഴക്കമുള്ള ഡാമുകൾ ഡീകമ്മീഷൻ ചെയ്യാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു