മലയാളത്തിൽ പ്രസംഗിച്ച് വി കെ ശ്രീകണ്ഠൻ; ILPയെ ത്രിശങ്കുവിൽ നിന്നും മോചിപ്പിക്കണം

Jaihind News Bureau
Friday, July 19, 2019

പാലക്കാട് ഇൻസ്ട്രുമെന്‍റേഷൻ ലിമിറ്റഡിനെ ത്രിശങ്കുവിൽ നിന്നും മോചിപ്പിക്കണമെന്ന് ലോക്‌സഭയിൽ മലയാളത്തിൽ പ്രസംഗിച്ച് വി കെ ശ്രീകണ്ഠൻ എം.പി. 20 വർഷമായി 160 കോടി ലാഭം ഉണ്ടാക്കിയ കമ്പനി ഇപ്പോൾ ആകാശത്തും ഭൂമിയിലുമല്ലാത്ത അവസ്ഥയിലാണെന്നും, ജീവനക്കാരുടെ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകാനും കമ്പനിയെ പുനരുജ്ജിവിപ്പിക്കാനുമുള്ള നടപടി സ്വീകരിക്കണമെന്നും വി കെ ശ്രീകണ്ഠൻ ലോക് സസഭയിൽ ആവശ്യപ്പെട്ടു.

പതിനേഴാം ലോക്‌സഭയിൽ മലയാളത്തിൽ പ്രസംഗിച്ച് വി കെ ശ്രീകണ്ഠൻ എം.പി. പാലക്കാട് ഇൻസ്ട്രുമെന്‍റേഷൻ ലിമിറ്റഡിനെ ത്രിശങ്കുവിൽ നിന്നും മോചിപ്പിക്കണമെന്നും 230 ഓളം വരുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉടനെ നൽകണമെന്നും വി കെ ശ്രീകണ്ഠൻ ലോക്‌സഭയുടെ ശൂന്യ വേളയിൽ മലയാള പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. 1974 ൽ സ്ഥാപിച്ച പാലക്കാട് ഇൻസ്ട്രുമെന്റഷൻ ലിമിറ്റഡ് കഴിഞ്ഞ 20 വർഷമായി 160 കോടി ലാഭം ഉണ്ടാക്കി. ഇതിനോടൊപ്പം ഉണ്ടായിരുന്ന രാജസ്ഥാനിലെ കോട്ട യൂണിറ്റ് 2016 പൂട്ടിയിരുന്നു. കോട്ടയിലെ എഴുന്നൂറോളം വരുന്ന ജീവനക്കാർക്ക് അന്ന് 742 കോടിയുടെ ആനുകൂല്യങ്ങളാണ് പൂട്ടുമ്പോൾ നൽകിയത് . 2016 തന്നെ പാലക്കാട് യൂണിറ്റ് കേരള സർക്കാർ ഏറ്റെടുക്കാൻ തയ്യാറായതാണ് , എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ധവളപത്രം ഒപ്പു വെച്ചില്ല. 1997ലെ ശമ്പളസ്‌കെയിലിൽ ജോലി ചെയ്യുന്ന 230 ഓളം വരുന്ന ജീവനക്കാർ ഇപ്പോഴും, ശമ്പളപരിഷ്‌കരണമോ പ്രമോഷനോ വിരമിക്കൽ ആനുകൂല്യങ്ങളോ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. സ്ഥാപനം കേന്ദ്ര സർക്കാരും കേരള സർക്കാരും തിരിഞ്ഞു നോക്കാതെ ആകാശത്തും ഭൂമിയിലുമല്ലാത്ത അവസ്ഥയിലാണെന്നും ശ്രീകണ്ഠൻ കുറ്റപ്പെടുത്തി. ഇന്ത്യയിലെ റിഫൈനറികൾക്കും പെട്രോ കെമിക്കൽ കമ്പനികൾക്കും വിവിധതരം വാൽവുകൾ നിർമ്മിക്കുന്ന ഏക പൊതുമേഖല സ്ഥാപനമാണിത്. അതിനാൽ കമ്പനി കേന്ദ്രസർക്കാർ സ്ഥാപനമാക്കി നിലനിർത്തുകയോ, അല്ലെങ്കിൽ നിയമാനുസൃതം കേരള സർക്കാരിന് കൈമാറി ധവളപത്രം ഒപ്പുവെയ്ക്കുകയോ , അതുമല്ലെങ്കിൽ ഏതെങ്കിലും ലാഭത്തിലുള്ള പൊതുമേഖലാ കമ്പനിയുടെ സബ്‌സിഡിയറി യൂണിറ്റ് ആക്കി മാറ്റുകയോ വേണം. 25 വർഷമായുള്ള ശമ്പളപരിഷ്‌കരണം നടപ്പാക്കുക ,221 ഏക്കർ സ്ഥലവും 600 കോടിയുടെ ആസ്തിയുമുള്ള ഈ കമ്പനി നില നിർത്താനും ,ജീവനക്കാരുടെ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകാനും നടപടി വേണമെന്നു വി കെ ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.