കൊവിഡ് പരിശോധനാ മേധാവിയോട് സർക്കാരിന്‍റെ പ്രതികാര നടപടി; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഭാര്യയുടെ അനിഷ്ടത്തെ തുടര്‍ന്ന്  ജനറല്‍ ആശുപത്രിയിലെ കൊവിഡ് പരിശോധനാ മേധാവിയെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. നടപടിക്കെതിരെ കെജിഎംഒയുടെ നേതൃത്വത്തില്‍ പതിനഞ്ചോളം ഡോക്ടര്‍മാര്‍ സൂപ്രണ്ട് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ നടത്തി. കൊവിഡ് കാലത്തുണ്ടായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ജനറല്‍ ആശുപത്രിയിലെ മൈക്രോബയോളജിസ്റ്റായ ഡോ. ചിത്രയെ നേമം ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍റെ ഭാര്യ ഡോ. യമുനയുമായുള്ള പ്രശ്നങ്ങളാണ് സ്ഥലംമാറ്റത്തിലേക്ക് വഴിവെച്ചത്.

ജനറല്‍ ആശുപത്രിയിലെ തന്നെ ഡോക്ടറായ യമുന , കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ക്വാറന്‍റൈനില്‍ പോകുന്ന തനിക്ക് ആന്‍റി ബോഡി ടെസ്റ്റ് നടത്തണമെന്ന് മൈക്രോബയോളജിസ്റ്റായ ഡോ. ചിത്രയോട്  ആവശ്യപ്പെട്ടു. എന്നാല്‍ പനി ഉള്‍പ്പെടെയുള്ള കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആന്റി ബോഡി ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പിസിആര്‍ ടെസ്റ്റ് തന്നെ നടത്തണമെന്നും ചിത്ര ആവശ്യപ്പെട്ടു. എന്നാല്‍ ഡോ.യമുന ഇതിന് തയാറായിരുന്നില്ല. ആന്റി ബോഡി ടെസ്റ്റ് തന്നെ നടത്തിയാല്‍ മതിയെന്നായിരുന്നു യമുനയുടെ നിലപാട്. ഇത് പ്രോട്ടോക്കോളിനെതിരാണെന്ന് പറഞ്ഞ് ഡോ.ചിത്ര ഡോ.യമുനയെ തിരിച്ചയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

അതേസമയം നിര്‍ണായക വേളയില്‍ ജനറല്‍ ആശുപത്രിയിലെ ഏക മൈക്രോബയോളജിസ്റ്റായ ഡോ. ചിത്രയെ സ്ഥലംമാറ്റിയ നടപടിക്കെതിരെ കെജിഎംഒ കഴിഞ്ഞദിവസവും രംഗത്തെത്തിയിരുന്നു. സ്ഥലംമാറ്റം ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുമെന്ന് കെജിഎംഒ ജില്ലാ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

Comments (0)
Add Comment