ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് 35 വർഷം. വർഗീയ ശക്തികൾ രാജ്യം ഭരിക്കുമ്പോൾ ഇന്ത്യയുടെ ഉരുക്ക് വനിതയുടെ ഓർമ്മയിലാണ് ഭാരതം.
35 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. ഏതൊരിന്ത്യക്കാരനും ഞെട്ടലോടെ മാത്രം ഓർക്കുന്ന ദിവസം. “എന്‍റെ ഓരോ തുള്ളി രക്തവും മഹത്തായ ഈ രാഷ്ട്രത്തിനുവേണ്ടി ചൊരിയുവാൻ ഞാൻ തയ്യാറാണ്. നാളെ ഞാൻ മരിച്ചേക്കാം. എന്നാലും എന്‍റെ ഓരോ തുള്ളി രക്തവും രാഷ്ട്രത്തെ ശക്തിപ്പെടുത്താനുള്ളതാണ്..“ മരണം മുഖാമുഖം എത്തും മുമ്പ് ഭുവനേശ്വറിർ ഇന്ദിര പറഞ്ഞത് രാജ്യം ഇന്നും മറന്നിട്ടില്ല.
1932 മുതൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു ഇന്ദിരഗാന്ധി. 1938ൽ തന്‍റെ ഇരുപത്തിയൊന്നാം വയസ്സിൽ കോൺഗ്രസിൽ അംഗമായി. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. പിന്നീടങ്ങോട്ടുള്ള ഇന്ദിരയുടെ ജീവിതം സംഭവബഹുലവുമായിരുന്നു. 1964ൽ ഇന്ത്യൻ ചരിത്രത്തെ സംബന്ധിച്ചിടത്തോളം നിർണായക വർഷമായിരുന്നു. ജവഹർലാൽ നെഹ്റുവിന്‍റെ വിയോഗം ഇന്ത്യൻ ജനതയിലും നേതൃത്വത്തിലും ശൂന്യത പടർത്തി. ഇനിയാര് എന്ന ചോദ്യമുയർന്നു. ലാൽ ബഹദൂർ ശാസ്ത്രിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. പുതിയ മന്ത്രിസഭയിൽ ഇന്ദിരാഗാന്ധി ചേരണമെന്ന് നിർദ്ദേശമുയർന്നു. അങ്ങനെ ഇന്ദിര ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകാതെ 1966ൽ ലാല്‍ ബഹദൂർ ശാസ്ത്രിയുടെ ആകസ്മിക നിര്യാണം ഒരിക്കൽ കൂടി നേതൃത്വത്തെ പ്രതിസന്ധിയിലാഴ്ത്തി. ഒടുവിൽ 1966 ജനുവരിയിൽ ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനി ഗാന്ധി ചുമതലയേറ്റു. 1977-1980 കാലയളവ് ഒഴിച്ചാൽ 1984 ഒക്ടോബറിൽ തന്‍റെ അന്ത്യം വരെ ഇന്ത്യയെ നയിച്ചത് ഇന്ദിരാഗാന്ധിയായിരുന്നു.
സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ മഹത്തായ പാരമ്പര്യവും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും കാലടിപ്പാടുകളും പിന്തുടർന്നു കൊണ്ട് ഇന്ദിര ഇന്ത്യൻ ജനതയെ നയിച്ചു. രാജ്യത്തിന്‍റെ സമഗ്ര പരിവർത്തനത്തിനുള്ള സന്ധിയില്ലാത്ത സമരമായിരുന്നു ഇന്ദിരയുടെ ജീവിതം. രാജ്യത്തെ സ്വയം പര്യാപ്തതയിലേക്കും ശക്തിയിലേക്കും ഔന്നത്യത്തിലേക്കും സുധീരം നയിക്കുകയെന്ന മഹാദൗത്യം ഇന്ദിര ഏറ്റെടുത്ത് വിജയിപ്പിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ പുരോഗതിക്ക് തുടക്കമിട്ടത് ജവഹർലാൽ നെഹ്റു ആയിരുന്നെങ്കിലും ആ രംഗത്ത് അതിനൂതനമായ പല പദ്ധതികളും ഏറ്റെടുത്ത് നടത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു. ബഹിരാകാശത്ത് ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്നിലെത്തിക്കുകയും ഇന്ത്യക്കാരനെ ആദ്യമായി ബഹിരാകാശത്ത് അയക്കുകയും ചെയ്തത് അവരുടെ കാലത്താണ്.
1971ലെ ഇന്തോ-പാക് യുദ്ധത്തിൽ മഹത്തായ വിജയം കൈവരിച്ച് വെറും 14 ദിവസം കൊണ്ട് ബംഗ്ലാദേശിനെ മോചിപ്പിച്ചപ്പോൾ ഇന്ദിരാഗാന്ധി ഇന്ത്യയുടെ അഭിമാനമായി. രാഷ്ട്രസേവനത്തിന് സമർപ്പിച്ച 67 വർഷത്തെ ജീവിതത്തിന്‍റെ അവസാനം സ്വന്തം ഹൃദയരക്തം കൊണ്ടുതന്നെ ഇന്ദിരാഗാന്ധി പൂർണവിരാമമിട്ടു. ലോകം കണ്ട ഒരു ഉരുക്കുവനിതയായിട്ടാണ് ചരിത്രം ഇന്ദിരയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും ഇന്ദിരയുടെ ശബ്ദം ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ പത്ത് ഭരണാധികാരികളുടെ പട്ടികയിൽ ജവഹർലാൽ നെഹ്റുവിന് മുമ്പായി ഇന്ദിരാഗാന്ധിയുടെ പേരുവരാൻ കാരണവും മറ്റൊന്നല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ, വെല്ലുവിളികളെ അതിജീവിച്ചും, തിരിച്ചടികളെ അവഗണിച്ചുകൊണ്ടുള്ള പ്രിയങ്കാഗാന്ധിയുടെ നിശ്ചയദാർഢ്യത്തിന്‍റെ അംഗീകാരം മാത്രം.
ഒടുവിൽ 1984 ഒക്ടോബർ 31 ന് രാജ്യ മനസാക്ഷി ഞട്ടിച്ച് ഇന്ദിര തന്‍റെ അംഗരക്ഷകരുടെ വെടിയേറ്റ് വീണു. നാല് ദിവസത്തിനപ്പുറം നവംബർ നാലാം തീയതി സൂര്യാസ്തമനത്തോടെ ആ ശരീരം ഒരുപിടി ചാമ്പലായി. ജനങ്ങളുടെ പ്രിയദർശനിയായി, നവീനഭാരതത്തിന്‍റെ ഇതിഹാസ നായികയായി, നൂറ്റാണ്ടിന്‍റെ വനിതയായി ലോകത്തെ അത്ഭുതപ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെ ഭൗതികാവശിഷ്ടങ്ങൾ എരിഞ്ഞടങ്ങിയെങ്കിലും അവർ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നു. ഇന്ത്യ നിലനിൽക്കുന്നിടത്തോളം ഇന്ദിര ജീവിക്കും.
https://youtu.be/5jr4yLYagpc