രാജ്യത്തിന്റെ നട്ടെല്ലൊടിച്ച് മോദിയും കൂട്ടരും; ആര്‍.സി.ഇ.പി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ മുച്ചൂടും മുടിക്കും

Jaihind Webdesk
Wednesday, October 23, 2019

അന്ത്യശ്വാസം വലിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നെഞ്ചില്‍ കയറിനിന്ന് കഴുത്തിന് പിടിക്കുന്ന പ്രവര്‍ത്തിയാണ് നരേന്ദ്രമോദിയും ശിങ്കിടി മന്ത്രിമാരും ദിവസേന ചെയ്തുകൊണ്ടിരിക്കുന്നത്. അതിലെ പ്രധാനപ്പെട്ട പ്രവര്‍ത്തിയാണ് ആര്‍.സി.ഇ.പി അഥവ മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്തം എന്ന പേരിലെ പുതിയ സ്വതന്ത്ര വ്യാപാര കരാര്‍. ഈ കരാറില്‍ നേട്ടമുണ്ടാക്കുന്നത് ചൈന മാത്രമാണ്. നട്ടെല്ലൊടിഞ്ഞ് താഴെ വീഴുന്നത് ഇന്ത്യന്‍ കര്‍ഷകരും നിര്‍മ്മാണ മേഖലയും. 80 ശതമാനത്തിലേറെയാണ് ഇറക്കുമതി തീരുവയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കുറച്ചു നല്‍കുന്നത്. മേക്ക് ഇന്‍ ഇന്ത്യ എന്നൊക്കെ പറഞ്ഞുനടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇങ്ങനെ ചെയ്യുന്നതിലെ വിരോധാഭാസം ഓര്‍ക്കേണ്ടതുണ്ട്.

തകര്‍ന്നുനില്‍ക്കുന്ന ഇന്ത്യയുടെ കാര്‍ഷിക, നിര്‍മാണ മേഖലയെ കൂടുതല്‍ തകര്‍ക്കുന്ന ആര്‍.സി.ഇ.പി കരാറിനെ എല്ലാ സംഘടനകളും പരസ്യമായ എതിര്‍പ്പു പ്രകടിപ്പിക്കുമ്പോഴും മോദി സര്‍ക്കാര്‍ കരാറുമായി മുന്നോട്ടുപോകുകയാണ്. പുതിയ വ്യാപാര കരാര്‍ പ്രകാരം ചൈനയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് പരിധിവിട്ട ഇറക്കുമതിയിലൂടെ ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്ക് വില ഇടിയുന്ന സാഹചര്യം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിലൂടെ ചൈനയ്ക്ക് മുമ്പില്‍ സമ്പൂര്‍ണ്ണ അടിയറവാണ് ഇന്ത്യ ചെയ്തിരിക്കുന്നത്. വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ സ്വതന്ത്ര വ്യാപാര കരാറുകളെല്ലാം വിവിധ മേഖലകള്‍ക്ക് തിരിച്ചടിയാണ് നല്‍കിയത്. കയറ്റുമതി കൂട്ടാന്‍ ലക്ഷ്യമിട്ട് ഒപ്പുവെച്ച കരാറുകള്‍ വഴി ഇറക്കുമതി വര്‍ധിക്കുകയാണ് ചെയ്തത്. ചൈനീസ് ഉല്‍പന്നങ്ങളുടെയും കാര്‍ഷിക, ക്ഷീരോല്‍പന്നങ്ങളുടെയും ഇറക്കുമതി വര്‍ധിച്ച് ആഭ്യന്തരമായി വലിയ വിലത്തകര്‍ച്ച ഉണ്ടാക്കും.

ചൈനയുമായുള്ള വ്യാപാരക്കമ്മി ഓരോ വര്‍ഷവും വര്‍ധിക്കുമ്പോള്‍തന്നെയാണ്, പുതിയ കരാര്‍. അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങള്‍ തകര്‍ത്ത ചൈന പുതിയ വിപണികള്‍ക്കായി ആര്‍.സി.ഇ.പി വേഗത്തില്‍ നടപ്പാക്കാന്‍ സമ്മര്‍ദം മുറുക്കുകയാണ്. ഈ കരാറില്‍ ഉള്‍പ്പെട്ട മറ്റു 15 രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി പ്രതിവര്‍ഷം 10,500 കോടി ഡോളറിന്‍േറതാണ്. ഇതില്‍ പകുതിയും ചൈനയില്‍നിന്നാണ്. 2013-14ല്‍ ഇത് 6300 കോടി ഡോളര്‍ മാത്രമായിരുന്നു. ഇന്ത്യയുടെ കയറ്റുമതിയില്‍ കാര്യമായ പുരോഗതിയില്ല.പുതിയ കരാര്‍ വഴി ഇന്ത്യക്ക് 85-90 ശതമാനം ഇറക്കുമതിച്ചുങ്കവും എടുത്തുകളയേണ്ടി വരും.  ക്ഷീരോല്‍പന്നങ്ങള്‍, റബര്‍, നാളികേരം, കുരുമുളക്, ഏലം തുടങ്ങിയവയുടെ വില ഇടിയുന്നതോടെ കേരളത്തിന്റെ കാര്യവും കഷ്ടത്തിലാകുമെന്നത് വ്യക്തമാണ്.
ഇത് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ആ വീഡിയോ കാണാം.