“അരിവാങ്ങാന്‍ കാശില്ലാതെ കഷ്ടപ്പെട്ടാണ് ഞാന്‍ പാട്ട് പഠിച്ചത്; ആലത്തൂരിലെ ജനങ്ങളുടെ മനസിലാണ് എന്‍റെ സ്ഥാനം” ദീപാ നിശാന്തിന് മറുപടിയുമായി രമ്യ ഹരിദാസ്

Jaihind Webdesk
Tuesday, March 26, 2019

Ramya-Haridas-Deepa Nisanth

ദീപാ നിശാന്തിന് മറുപടിയുമായി ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. രമ്യ വേദികളില്‍ പാട്ടു പാടുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദീപാ നിശാന്തിന്‍റെ വിമര്‍ശനം. ഐഡിയ സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്നായിരുന്നു ദീപ വിമര്‍ശനം ഉന്നയിച്ചത്.

എന്നാല്‍ ദീപാ നിശാന്തിന്‍റെ ആരോപണത്തിന് കൃത്യമായ മറുപടിയുമായി രമ്യ ഹരിദാസ് രംഗത്തെത്തി. ആശയപരമായ യുദ്ധത്തില്‍ തന്‍റെ ആയുധമാണ് പാട്ടെന്ന് രമ്യ ദീപയ്ക്ക് മറുപടി നല്‍കി. എന്‍റെ സ്വഭാവവും സമീപനവും പ്രസംഗവും ഈ യുദ്ധത്തില്‍ എന്‍റെ ആയുധങ്ങളാണ്. ഒരു പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോള്‍ ഇതിനെ ആളുകള്‍ പല രീതിയിലാകും സ്വീകരിക്കുക – രമ്യ പറഞ്ഞു.

ആലത്തൂരിലെ ജനങ്ങള്‍ എനിക്ക് നല്‍കുന്ന പ്രോത്സാഹനമാണ് എന്‍റെ കരുത്ത്. ഒരു ദളിത് കുടുംബത്തിലെ അംഗമാണ് ഞാന്‍. അരി വാങ്ങാന്‍ പോലും കാശില്ലാതെ വളരെയധികം കഷ്ടപ്പെട്ടാണ് ഞാന്‍ പഠിച്ചത്. പാട്ട് പഠിപ്പിച്ച മാഷിന് പണം കൊടുക്കാന്‍ എന്‍റെ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. മാഷ് ഒരിക്കലും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂവെന്നും രമ്യ പറയുന്നു. കഴിവിനെ അംഗീകരിക്കുന്ന എല്ലാവരും എന്നെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. ആലത്തൂരിലെ ജനങ്ങളുടെ മനസിലാണ് തന്‍റെ സ്ഥാനമെന്നും അത് ആരുവിചാരിച്ചാലും ഇല്ലാതാക്കാനാവില്ലെന്നും രമ്യ ദീപാ നിശാന്തിനുള്ള മറുപടിയായി പറഞ്ഞു.